കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താതെ മുനമ്പം പ്രശ്നം തീരില്ല: ജോസ് കെ. മാണി
Friday, April 18, 2025 2:56 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ മുനമ്പത്തെ ഭൂമിപ്രശ്നം പരിഹരിക്കുന്നതിനു പ്രായോഗികമായി ഉതകുന്നതല്ലെന്ന ഉറച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് -എം സ്വീകരിച്ചതെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി.
ബില്‍ നിയമമാകുമ്പോള്‍ മുന്‍കാല പ്രാബല്യമുണ്ടെങ്കില്‍ മാത്രമേ മുനമ്പം നിവാസികള്‍ക്ക് പ്രയോജനപ്പെടുകയുള്ളുവെന്ന് ബില്ലിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കിയതാണ്.
വഖഫുമായി ബന്ധപ്പെട്ട ബില്‍ നിയമമാകുമ്പോള്‍ മുനമ്പം വിഷയം പരിഹരിക്കുന്നതിനു കൃത്യമായ ഭേദഗതി നിര്‍ദേശം ഉള്‍പ്പെടുത്തണമെന്നും പാര്‍ട്ടി പാര്‍ലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.ഇതൊന്നുമില്ലാതെ വഖഫ് ഭേദഗതി ബില്‍ നിയമമായപ്പോള്‍ മുനമ്പം നിവാസികള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
മുനമ്പത്തെ ഭൂമി ഉടമസ്ഥര്‍ കൈമാറിയപ്പോള്‍ നിബന്ധനകളോടുകൂടിയാണ് അതു ചെയ്തിട്ടുള്ളത്. നിബന്ധനകളോടെ കൈമാറുന്നത് വഖഫിന്റെ പരിധിയില്‍ വരുന്നതല്ല.
ഇപ്രകാരമുള്ള സമാനവിഷയങ്ങള്‍ പരിഹരിക്കുന്നത് മുന്‍കാലപ്രാബല്യത്തോടെയുള്ള നിയമ ഭേദഗതിയാണ് അനിവാര്യമായിട്ടുള്ളതെന്നും കേരളത്തില്‍ ജന്മിമാരാല്‍ കബളിപ്പിക്കപ്പെട്ട് മിച്ചഭൂമി വാങ്ങിയ ആയിരക്കണക്കിന് കര്‍ഷകരെ രക്ഷിക്കാന്‍ 2005ല്‍ കെ.എം. മാണി റവന്യു വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്ത് 7ഇ എന്ന ഭേദഗതി കൊണ്ടുവന്നു.
പതിനായിരക്കണക്കിന് പാവപ്പെട്ട കര്‍ഷക കുടുംബങ്ങളെ യാണ് വ്യവഹാരക്കുരുക്കുകളില്നിന്നും ഇങ്ങനെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമത്തില്‍ മുനമ്പത്തിനായി പ്രത്യേക നിയമ ഭേദഗതി നിർത്തുകയോ വ്യവസ്ഥ ഉള്‍പ്പെടുത്തുകയോ ചെയ്തെങ്കില്‍ മാത്രമേ മുനമ്പത്ത് 600 ഓളം കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാവൂ.
വഖഫ് ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയുടെ താത്കാലിക ഉത്തരവ് കേരള കോണ്‍ഗ്രസ്-എം നിലപാടിനെ ശരിവയ്ക്കുന്നതാണെന്നും ജോസ് കെ. മാണി പറഞ്ഞു.