വിന് സി. അലോഷ്യസിനോടു മോശമായി പെരുമാറിയത് ഷൈൻ
Friday, April 18, 2025 2:56 AM IST
കൊച്ചി: ലഹരി ഉപയോഗിച്ച് തന്നോടു മോശമായി പെരുമാറിയത് നടന് ഷൈന്‍ ടോം ചാക്കോയെന്ന് നടി വിന് സി. അലോഷ്യസ്.
നടനെതിരേ വിന് സി. അലോഷ്യസ് ഫിലിം ചേംബറിനും താരസംഘടനയായ ‘അമ്മ’യ്ക്കും സിനിമയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്കും (ഐസിസി) പരാതി നല്കി. 2024 നവംബറില്‍ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലോക്കേഷനിലായിരുന്നു സംഭവം.
നടിയുടെ പരാതി പരിഗണിക്കാന്‍ ഫിലിം ചേംബര്‍ 21ന് കൊച്ചിയില്‍ ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും. പരാതി അന്വേഷിക്കാന്‍ ‘അമ്മ’ മൂന്നംഗ സമിതിയെ നിയോഗിച്ചു.
സംഭവത്തില്‍ വിന് സിക്ക് വിവിധ സിനിമാസംഘടനകളും പ്രവര്‍ത്തകരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലില്‍ നടിയില്‍നിന്ന് എക്സൈസ് വിവരങ്ങള്‍ തേടും.
നടനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണു സിനിമാ സംഘടനകള്ക്കുള്ളില്നിന്ന് ഉയരുന്ന ആവശ്യം. നടനെതിരേ പോലീസില്‍ പരാതി നല്‍കില്ലെന്ന നിലപാടിലാണു വിന് സി.
സിനിമാസെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടന് തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിന് സി. അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിന് സി ഇക്കാര്യം തുറന്നുപറഞ്ഞത്.
ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ചു വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന് ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നത് കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നത്. ലൊക്കേഷനില്‍വച്ച് എന്റെ വസ്ത്രത്തിന് ചെറിയൊരു പ്രശ്നം വന്നപ്പോള്‍ അടുത്തുവന്നിട്ട് “ഞാന്‍ നോക്കട്ടെ, ഞാനിതു ശരിയാക്കിത്തരാം” എന്നൊക്കെ നടന് പറഞ്ഞു.
മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കു തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്കു വ്യക്തമായിരുന്നു എന്നാണ് വിന് സി പറഞ്ഞത്. ലൈംഗികച്ചുവയോടെ നടന് തന്നോടു സംസാരിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ നടിയുടെ പരാതിയിലുണ്ട്.