സംസ്ഥാനത്ത് എത്ര ബാറുകളും ഔട്ട്ലറ്റുകളുമുണ്ട്? ; ഉത്തരമില്ലാതെ എക്സൈസ് കമ്മീഷണര്‍ ഓഫീസ്
Friday, April 18, 2025 2:56 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: സംസ്ഥാനത്ത് എത്ര ബാറുകള്‍ ഉണ്ടെന്നോ, ബിവറേജസ് ഔട്ട്ലറ്റുകളുണ്ടന്നോ അറിയാന്‍ ആരോടാണ് ചോദിക്കുക. ആര് ഉത്തരം നല്‍കും. ഇതുസംബന്ധിച്ച് തിരുവനന്തപുരത്തുള്ള സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല എന്നാണ് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലൂടെ വെളിവാകുന്നത്.
2016 മാര്‍ച്ച് 31ന് കേരളത്തിലെത്ര ബെവ്കോ ഔട്ട്ലറ്റ് ഉണ്ടായിരുന്നു എന്ന ചോദ്യവും 2025 മാര്‍ച്ച് 31ന് എത്ര ബെവ്കോ ഔട്ട്ലെറ്റുകള് ഉണ്ട് എന്ന ചോദ്യത്തിനും മറുപടി പറയുവാനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ സംസ്ഥാന എക്സൈസ് കാര്യാലയത്തില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷനു കൈമാറിയിരിക്കുകയാണ്.
നിലവില്‍ കേരളത്തില്‍ എത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും സംസ്ഥാന എക്സൈസ് കമ്മീഷണറേറ്റിന് അറിയില്ലെന്നാണ് വിവരാവകാശത്തിനുള്ള മറുപടിയിലെ വിവരം.
വൈഎംസിഎ കേരള റീജിയന് നടത്തുന്ന ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവര ശേഖരണത്തിനായി സംസ്ഥാന വൈസ് ചെയര്മാന് കുര്യന് തൂമ്പുങ്കല്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിവരമില്ലാത്ത വിവരാവകാശരേഖ പുറത്തുവന്നത്.
2016 മാര്‍ച്ച് 31നും 2025 ജനുവരി 31നും കേരളത്തില്‍ എത്ര ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിക്കുന്നു എന്നചോദ്യത്തിനും അറിവില്ല എന്ന മറുപടിയാണ് എക്സൈസ് കമ്മീഷണറേറ്റ് നല്‍കിയിരിക്കുന്നത്. ഇതിനുള്ള ഉത്തരവും എക്സൈസ് ഡിവിഷന് ഓഫീസര്‍മാരാണ് നല്‍കേണ്ടതെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ മദ്യ ഉല്പാദന, വിതരണ മേഖല സംബന്ധിച്ച് സംസ്ഥാന എക്സൈസ് കമ്മീഷണറുടെ തിരുവനന്തപുരത്തുള്ള കാര്യാലയത്തിന് വിവരങ്ങളില്ലെന്നുള്ള മറുപടി നല്‍കിയത് എക്സൈസ് ആസ്ഥാനമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (അബ്കാരി) വിഭാഗമാണ്.