റെയിൽവേ ട്രാക്കിൽ കല്ലും മരവും കയറ്റിവച്ച യുവാവ് പിടിയിൽ
Friday, April 18, 2025 2:56 AM IST
ബേക്കൽ: ട്രെയിൻ പോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ കല്ലും മരക്കഷണങ്ങളും കയറ്റിവച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി ജോജി തോമസി (30)നെയാണ് ബേക്കൽ പോലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.40 നും 1.50 നും ഇടയിൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിൻ കടന്നുപോകുന്ന സമയത്ത് കോട്ടിക്കുളം, ബേക്കൽഫോർട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തൃക്കണ്ണാടിനു സമീപത്താണു ട്രാക്കിൽ കല്ലും മരവും വച്ചത്.
ട്രെയിൻ ഇതിനു മുകളിലൂടെ കടന്നുപോയെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. രാത്രി കളനാട് തുരങ്കത്തിലൂടെ ഇയാൾ ചൂട്ട് കത്തിച്ചുപിടിച്ചു വരുന്നത് മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കണ്ടിരുന്നു. ഇവിടെയും ട്രാക്കിൽ മരക്കഷണം കയറ്റിവച്ചിരുന്നു. ട്രാക്കിനു സമീപം ചൂട്ട് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഉണക്കപ്പുല്ലിനു തീപിടിക്കുകയും ചെയ്തു.
റെയിൽവേ സീനിയർ സെക്്ഷൻ എൻജിനിയർ എൻ. രഞ്ജിത് കുമാറാണ് ബേക്കൽ പോലീസിൽ പരാതി നല്കിയത്.
റെയിൽവേ അധികൃതർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.