സർക്കാരിന്റെ നാലാം വാർഷികാഘോഷം: 21ന് കാസർഗോഡ് തുടക്കം
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും.
കാലിക്കടവ് മൈതാനത്തു രാവിലെ 10നാണ് ചടങ്ങ്. 21നു തുടങ്ങി മേയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ-മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയും കോ-ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കണ്വീനർ ജില്ലാ കളക്ടറുമാണ്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു ജില്ലയിലെ യോഗങ്ങൾ ഏപ്രിൽ 22- വയനാട്, 24- പത്തനംതിട്ട, 28- ഇടുക്കി, 29- കോട്ടയം, മേയ് അഞ്ച്- പാലക്കാട്, ആറ്- ആലപ്പുഴ, ഏഴ്- എറണാകുളം, ഒൻപത്- കണ്ണൂർ, 12- മലപ്പുറം, 13- കോഴിക്കോട്, 14- തൃശൂർ, 22- കൊല്ലം, 23-തിരുവനന്തപുരം.
ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ- തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്കാരിക, കായിക പ്രതിഭകൾ, പ്രഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 10.30ന് തുടങ്ങി 12.30ന് അവസാനിക്കും.
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മേയ് എട്ടിന് പാലക്കാടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം 15ന് തിരുവനന്തപുരത്തും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം 26ന് കണ്ണൂരിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം 29ന് കോട്ടയത്തും നടക്കും.