ഷൈന്‍ ടോമിനെതിരേ നിയമനടപടിക്കില്ല; പരാതി ചോര്‍ന്നതില്‍ വിമര്‍ശനവുമായി വിന് സി.
Friday, April 18, 2025 2:56 AM IST
കൊച്ചി: ഒന്നിച്ചഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നടനെതിരേ ഫിലിം ചേംബറിലടക്കം നല്കിയ പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നതില്‍ വിമര്‍ശനവുമായി നടി വിന് സി. അലോഷ്യസ്.
പരാതി നല്‍കിയത് സംഘടനയെ വിശ്വസിച്ചാണ്. പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സംഘടനകള്‍ക്കു കഴിഞ്ഞില്ല. സ്വകാര്യതയെ ഹനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിന് സി വ്യക്തമാക്കി.
“ഷൈന്‍ ടോം ചാക്കോയുടെയോ സിനിമയുടെയോ പേര് പുറത്തുവിടരുതെന്ന് എന്നോടു സംസാരിച്ച സംഘടനകളോടു പറഞ്ഞതാണ്. എന്നിട്ടും അവര്‍ അതു ചെയ്തിട്ടുണ്ടെങ്കിൽ എന്താണ് അവരുടെ ബോധം.
ആ ബോധമില്ലായ്മയുടെ കൈയിലാണല്ലോ പരാതി നല്‍കിയതെന്ന കുറ്റബോധമാണ് ഇപ്പോള്‍ എനിക്കുള്ളത്. ഫിലിം ചേംബറിനു നല്കിയ പരാതി പിന്‍വലിക്കാന്‍ തയാറാണ്. കാരണം അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. നിര്‍മാതാക്കളുടെ സംഘടനയ്ക്കും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്.
നല്കിയ പരാതികളിലെല്ലാം നടന്റെ പേര് വ്യക്തമാക്കിയിട്ടുണ്ട്. ഷൈന്റെ പേര് ഫിലിം ചേംബര്‍ ഭാരവാഹി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുമുമ്പ് തന്നോടു പറയാമായിരുന്നു. സിനിമയുടെ പേരിനെ മോശമാക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഇതുവരെ പരാതിപ്പെടാതിരുന്നത്.
ഞാന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത് സിനിമയ്ക്കെതിരേയല്ല, നടനെതിരേയാണ്. നടനെതിരേ നിയമനടപടി സ്വീകരിക്കില്ല. ഇയാളുടെ പേര് പുറത്തുവന്നത് നിലവിലെയും നടക്കാനിരിക്കുന്നതും റിലീസിന് ഒരുങ്ങുന്നതുമായ ഇയാളുടെതന്നെ ചിത്രങ്ങളെ ബാധിക്കും”. നിഷ്കളങ്കരായ എത്രയോ പേരെയാകും ഇതു ബാധിക്കുകയെന്നും വിന് സി. പ്രതികരിച്ചു.