ലഹരി പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ട് ഷൈന്‍
Friday, April 18, 2025 2:56 AM IST
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍നിന്നു നടന് ഷൈന്‍ ടോം ചാക്കോ സാഹസികമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11ഓടെ എറണാകുളം ടൗൺ മെട്രോ സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘ഓപ്പറേഷന് ഡി ഹണ്ടി’ന്റെ ഭാഗമായി രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാന്‍സാഫ്) ഹോട്ടലിലെത്തിയത്. ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിലായിരുന്നു ഷൈനും സുഹൃത്തും. ഡാന്‍സാഫ് സംഘം കതകില്‍ മുട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.
സ്യൂട്ട് റൂമിന്റെ ലെന്‍സിലൂടെ തങ്ങളെ ഷൈന്‍ കണ്ടതായാണ് ഡാന്‍സാഫ് സംഘം കരുതുന്നത്. ഇതോടെ മുറിയുടെ ജനല്‍ വഴി ചാടി രണ്ടാംനിലയിലെ ഷീറ്റ് വഴി ഊര്‍ന്നിറങ്ങി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കോണിപ്പടി വഴി ഓടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മുറി തുറന്ന് പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഷൈന്‍ ഒപ്പമുണ്ടായിരുന്ന ഇയാളുടെ മേക്കപ്പ്മാനെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ പക്കല്‍നിന്ന് ഒന്നും ലഭിച്ചില്ല. ഹോട്ടലിലെ പരിശോധനാ വിവരം ചോര്‍ന്നതില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
ഡാൻസാഫ് എത്തിയത് മറ്റൊരു ലഹരി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ
ഷൈന്‍ ടോം ചാക്കോയുടെ കൊച്ചിയിലെ ഫ്ളാറ്റിലും പോകാനിടയുള്ള സ്ഥലങ്ങളിലും എക്സൈസും പോലീസും പരിശോധന നടത്തി. സമീപ ജില്ലകളിലടക്കം പരിശോധനകള്‍ നടന്നുവരികയാണ്.
അതേസമയം, ഡാന്‍സാഫ് സംഘം മറ്റൊരു ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണു ഹോട്ടലിലെത്തിയതെന്നും ഹോട്ടല്‍ രജിസ്റ്ററില്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സമീപദിവസങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു പരിശോധന നടത്തിയതാണെന്നും വിവരമുണ്ട്. പോലീസിനെ കണ്ട് ഷൈന്‍ ഭയന്ന് ഓടിയതാകാമെന്നാണു കുടുംബത്തിന്റെ പ്രതികരണം.