എം.ആർ. അജിത് കുമാറിന് ആറാം തവണയും ശിപാർശ
സ്വന്തം ലേഖകൻ
Monday, April 21, 2025 4:01 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിനു ശിപാർശ. അജിത്തിന് വിശിഷ്ട സേവാ മെഡൽ നൽകണമെന്ന സംസ്ഥാനത്തിന്റെ ശിപാർശ അഞ്ചു തവണ കേന്ദ്ര സർക്കാർ തള്ളിയതിനു പിന്നാലെയാണ് ആറാം തവണയും ശിപാർശയുമായി എത്തുന്നത്.
വിശിഷ്ട സേവാ മെഡലിന് അജിത്കുമാറിനെ പരിഗണിക്കാമെന്ന ശിപാർശ സംസ്ഥാന പോലീസ് മേധാവിയാണ് സർക്കാരിനു സമർപ്പിച്ചത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഇതുമായി ബന്ധപ്പെട്ട വിവിധ അന്വേഷണങ്ങളും നടക്കുന്നുണ്ട്. ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു നേരത്തെ അഞ്ചു തവണയും കേന്ദ്രം മെഡൽ ശിപാർശ നിരസിച്ചത്.
ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റം ഏതാനും മാസങ്ങൾക്കുള്ളിൽ അജിത്കുമാറിന് ലഭിക്കാനിരിക്കേയാണ് പുതിയ ശിപാർശ.
അജിത്തിന്റെ ജൂണിയർ ഉദ്യോഗസ്ഥർക്ക് അടക്കം മെഡൽ ലഭിച്ചിരുന്നു. അജിത്തിന് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ, വിശിഷ്ട സേവാ മെഡലിന് വേണ്ടിയാണ് അജിത് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു. തൃശൂർ പൂരം കലക്കിയെന്ന ആരോപണം നിലനിൽക്കേ ആർഎസ്എസ് നേതാക്കളുമായുള്ള അജിത്തിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണെന്ന ആക്ഷേപവും ഉയർന്നു. സിപിഐ നേതൃത്വം അജിത്തിനെതിരേ രംഗത്തു വന്നിട്ടും ക്രമസമാധാന ചുമതലയിൽ അജിത്തിനെ ഏറെ നാൾ നിലനിർത്തി.
വിവാദം കൂടുതൽ അന്വേഷണങ്ങളിലേക്കു നീങ്ങിയതിനു പിന്നാലെയാണ് ഒടുവിൽ അജിത്തിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രി തയാറായത്. അനധികൃത സ്വത്തുസന്പാദന കേസിൽ വിജിലൻസ് അന്വേഷണം അജിത് നേരിട്ടിരുന്നു. ഇതിൽ അടുത്തിടെ ക്ലീൻ ചിറ്റ് നൽകി. ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റേതടക്കമുള്ള അന്വേഷണ റിപ്പോർട്ടുകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇന്റലിജൻസ് എഡിജിപി പി. വിജയനെതിരേ കരിപ്പൂർ സ്വർണം പൊട്ടിക്കൽ സംഭവവുമായി ബന്ധപ്പെട്ടു ഡിജിപിക്കു വ്യാജമൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരേ കേസെടുക്കാമെന്ന ശിപാർശ സംസ്ഥാന പോലീസ് മേധാവി സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു മുഖ്യമന്ത്രി അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സ്വീകരിച്ചതും ഏറെ ചർച്ചയായിരുന്നു.