ആലുവ-മൂന്നാർ രാജപാതയ്ക്കായി ജനമുന്നേറ്റ യാത്ര; മാർ പുന്നക്കോട്ടിലിനെതിരേ കേസെടുത്ത് വനംവകുപ്പ്
Sunday, March 23, 2025 1:28 AM IST
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കടന്നെന്നു ചൂണ്ടിക്കാട്ടിയാണ് പൂയംകുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കേസെടുത്തത്.
യാത്രയിൽ പങ്കെടുത്ത ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, നാല് വൈദികർ തുടങ്ങി 24 പേർക്കെതിരേയും മറ്റു കണ്ടാലറിയാവുന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വനപാലകരുടെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ആലുവ- മൂന്നാർ രാജപാതയിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അന്യായമായി വഴിയടച്ചു യാത്ര തടസപ്പെടുത്തുന്നതിൽനിന്ന് വനംവകുപ്പ് പിന്മാറണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജനമുന്നേറ്റ യാത്ര.
മലയോരഗ്രാമങ്ങളിലെ സ്ത്രീകളുൾപ്പെടെ 3000ത്തിലധികം പേർ പങ്കെടുത്ത യാത്രയിൽ കുട്ടന്പുഴ, കീരംപാറ പഞ്ചായത്തുകളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സഹകരിച്ചിരുന്നു.
പ്രതിഷേധം ശക്തമാകുന്നു
കോതമംഗലം: പൊതുജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധസൂചകമായി ജനമുന്നേറ്റ യാത്രയിൽ പങ്കാളിയായ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തതിൽ വ്യാപക പ്രതിഷേധം.
നിസഹായരായ ജനത്തിന്റെ നിലവിളി അവഗണിക്കുന്ന ക്രൂരതയും ഇല്ലാത്ത അധികാരം സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ ശ്രമവും വച്ചുപൊറുപ്പിക്കാനാകില്ലെന്ന് കോതമംഗലം രൂപത ഐക്യ ജാഗ്രതാ സമിതി യോഗം മുന്നറിയിപ്പ് നൽകി. രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ജനകീയ യാത്രയിൽ പങ്കെടുത്തത്. അവരോടൊപ്പം ചേർന്നു കാൽനട യാത്ര ചെയ്ത ബിഷപ്പിനെതിരേയാണു കേസ്.
നാടിന്റെ വികസനത്തിനും വനംവകുപ്പിന്റെ റോഡ് കൈയേറ്റത്തിനുമെതിരേ പ്രതിഷേധസൂചകമായാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചത്. വനംവകുപ്പിന്റെയും വന്യമൃഗങ്ങളുടെയും ക്രൂരതയും കടന്നുകയറ്റവും മൂലം തങ്ങൾക്ക് അവകാശപ്പെട്ട പട്ടയഭൂമിയിൽ സ്വൈരജീവിതം നഷ്ടപ്പെട്ട ജനതയാണു പ്രതിഷേധിച്ചത്.
രാജഭരണകാലത്ത് നിർമിച്ചതും അക്കാലം മുതൽ വാഹനഗതാഗതം നടന്നിരുന്നതുമായ പഴയ ആലുവ- മൂന്നാർ റോഡ് വനംവകുപ്പ് അനധികൃതമായി കൈയേറിയിരിക്കുന്ന സാഹചര്യത്തിലാണ് പൊതുജനം പ്രതിഷേധസമരവുമായി രംഗത്തിറങ്ങിയത്. റോഡിൽ ബാരിക്കേഡ് നിർമിച്ച് വാഹനഗതാഗതം തടയുകയും പൊതുജനത്തിനു പ്രവേശനം നിഷേധിക്കുകയും ചെയ്തതു വനംവകുപ്പ് ഉദ്യോഗസ്ഥരാണ്.
മാങ്കുളം, ആനക്കുളം പ്രദേശത്തുനിന്ന് ഒരു മണിക്കൂറുകൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന റോഡാണ് രാജപാത. വലിയ കയറ്റങ്ങളോ കൊടുംവളവുകളോ ഗർത്തങ്ങളോ ഇല്ലാത്ത റോഡാണ് വനംവകുപ്പ് അനധികൃതമായി അടച്ചത്.
പൊതുമരാമത്ത് രേഖകളും രാജഭരണകാലത്തെ രേഖകളും പ്രകാരം രാജപാത റോഡ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ പാലങ്ങളും അതിരുകല്ലുകളുമുള്ള വഴിയിലൂടെ നടന്നതിനു കേസെടുക്കാൻ വനംവകുപ്പിന് അധികാരമില്ല. സമരത്തിൽ പങ്കെടുത്ത ഒരാൾപോലും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയിട്ടില്ല. റോഡിലൂടെ നടക്കുക മാത്രമാണു ചെയ്തത്.
ജനവിരുദ്ധ നടപടികളും കള്ളക്കേസുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെയും സർക്കാരിന്റെയും തീരുമാനമെങ്കിൽ അതിശക്തമായ സമരത്തിന് രൂപത നേതൃത്വം നൽകുമെന്നും കോതമംഗലം ബിഷപ്സ് ഹൗസിൽ ചേർന്ന അടിയന്തരയോഗം മുന്നറിയിപ്പ് നൽകി.
ഐക്യ ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, അഡ്വ. സിസ്റ്റർ ജോസിയ, സണ്ണി കടൂത്താഴെ, സ്മിത പുളിക്കൽ, അബി കാഞ്ഞിരപ്പാറ എന്നിവർ പ്രസംഗിച്ചു.