കൈതപ്രം കൊലപാതകം: ഭാര്യയുമായുള്ള സൗഹൃദത്തിന് തടസം നിന്നതിന്
Saturday, March 22, 2025 1:37 AM IST
പരിയാരം: ഗുഡ്സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രാദേശിക നേതാവുമായ മാതമംഗലം പുനിയംകോട് സ്വദേശി കാരോമൽ കോറോത്ത് വീട്ടിൽ രാധാകൃഷ്ണനെ (51) വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ ഭാര്യയുമായുള്ള സൗഹൃദത്തിനു തടസം നിന്നതിനെന്നു പോലീസ്.
പ്രതി പെരുമ്പടവ് വിളയാർകോട് സ്വദേശി സന്തോഷും (41) രാധാകൃഷ്ണന്റെ ഭാര്യയും തമ്മിൽ സമൂഹമാധ്യമം വഴി സൗഹൃദത്തിലായിരുന്നു. തുടർന്ന് രാധാകൃഷ്ണന്റെ വീട് നിർമാണത്തിൽ സന്തോഷ് സഹായിക്കാനെത്തിയപ്പോൾ ഈ ബന്ധം ദൃഢപ്പെട്ടു.
ഈ സമയത്താണു ഭാര്യയുമായുള്ള അടുപ്പം രാധാകൃഷ്ണൻ അറിയുന്നത്. ഇതോടെ ഇതു വിലക്കുകയും രണ്ടു മാസം മുന്പ് സന്തോഷിനെതിരേ പരാതി നൽകുകയും ചെയ്തു. അന്നു പരിയാരം പോലീസ് സന്തോഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചിരുന്നു.
കൊല നടത്താനായി തന്നെയാണ് കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ എത്തിയതെന്നും സന്തോഷ് സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മുതൽ ഫോറന്സിക് സംഘവും ഡോഗ് സ്ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയി രുന്നില്ല.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകുന്നേരത്തോടെ പ്രതിയുമായി പരിയാരം പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. സമീപത്തെ വീടിന് പിറകുവശത്തെ പമ്പ് ഹൗസിൽ സൂക്ഷിച്ച നിലയിലാണു തോക്ക് കണ്ടെത്തിയത്. സന്തോഷ് തന്നെയാണ് തോക്ക് പോലീസിനു കാണിച്ചുകൊടുത്തത്.
രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്കു താമസിക്കുന്ന വീടാണിത്. നെഞ്ചത്ത് വെടിയുണ്ട തുളഞ്ഞുകയറിയതാണ് രാധാകൃഷ്ണന്റെ മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇന്നലെ വൈകുന്നേരം സന്തോഷ് ഫേസ്ബുക്കിൽ രാധാകൃഷ്ണന്റെ ഫോട്ടോയും തോക്കു ചൂണ്ടുന്ന സ്വന്തം ഫോട്ടോയുമിട്ട് ഭീഷണിമുഴക്കിയിരുന്നു.