ഫയൽ പിടിച്ചുവയ്ക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്നു മന്ത്രി
Saturday, March 22, 2025 1:38 AM IST
തിരുവനന്തപുരം: അഞ്ചു ദിവസത്തിൽ കൂടുതൽ ഫയൽ പിടിച്ചു വയ്ക്കുന്ന മോട്ടോർ വാഹന വകുപ്പിലെ ക്ലർക്കുമാരെ സ്ഥലംമാറ്റുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ. അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ഫയലിൽ എന്തു തീരുമാനമായാലും ഉണ്ടാകണം.
എല്ലാ അപേക്ഷകളും ഓണ്‍ലൈനായാണ് ലഭിക്കുന്നത്. ഇതിനാൽ എല്ലാത്തിനും കൃത്യമായ സമയ വിവരമുണ്ടാകും. ഉച്ചയ്ക്കു ശേഷം ഏജന്റുമാർ ആർടി ഓഫീസിൽ എത്താൻ പാടില്ലെന്നു നിർദേശിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റിനും ഫിറ്റ്നസ് പരിശോധനയ്ക്കും പോകുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ജയിച്ചവരെയും തോറ്റവരെയും കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്പോൾ ഏജന്റുമാർ അടുത്തിരുന്നു സ്വാധീനിക്കാതിരിക്കാനാണ് ഉച്ചയ്ക്കു ശേഷം ഏജന്റുമാർ കയറരുതെന്നു നിർദേശിച്ചത്. പല ഏജന്റുമാരും ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതായി കാണാം. ഉച്ചയ്ക്കു ശേഷം ഫ്രണ്ട് ഓഫീസിൽ വിവരം തിരക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.