മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു
Saturday, March 22, 2025 1:38 AM IST
സാബു ജോണ്
തിരുവനന്തപുരം: മെഡിക്കൽ പഠനാവശ്യത്തിനായി മൃതശരീരങ്ങൾ വിട്ടുനൽകുന്നതു സംബന്ധിച്ച് ഒരു നിയമം വേണമെന്നാണ് മുഹമ്മദ് മുഹ്സിന്റെ ആവശ്യം. സ്വകാര്യ ബില്ലായി മുഹ്സിൻ ഇതുകൊണ്ടുവരികയും ചെയ്തു.
ചർച്ചയിൽ ഇടപെട്ട് പല അംഗങ്ങളും പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചു. എന്നാൽ ശ്രദ്ധേയമായത് ഭരണപക്ഷത്തെ കെ.ഡി. പ്രസേനന്റെ ഇടപെടലായിരുന്നു. പ്രസേനന്റെ അച്ഛന്റെ മൃതശരീരം മെഡിക്കൽ പഠനാവശ്യത്തിനായി വിട്ടുനൽകിയിരുന്നു.
അമ്മയുടെയും തന്റെയും ഭാര്യയുടെയും ശരീരങ്ങൾ മരണശേഷം മെഡിക്കൽ പഠനത്തിനു വിട്ടുനൽകുമെന്നും പ്രസേനൻ സഭയിൽ വ്യക്തമാക്കി. ഇത്തരം ബില്ലുകൾ മൃതശരീരം വിട്ടുനൽകുന്നതിനു ബോധവത്കരണം നടത്താൻ സഹായിക്കുമെന്ന് പ്രസേനൻ പറഞ്ഞു.
മുഹ്സിന്റെ അഭിപ്രായത്തിൽ മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന ഒരു പ്രക്രിയയാണ് മൃതശരീരദാനം വഴി നടക്കുന്നത്. പത്തു പതിനഞ്ചു വിദ്യാർഥികൾക്കു പഠിക്കാൻ ഒരു മൃതദേഹം വേണമെന്നാണു കണക്ക് എന്ന് മുഹ്സിൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ നൂറു പേർക്ക് ഒന്ന് എന്ന തോതിൽ പോലും കിട്ടുന്നില്ല. മൃതദേഹങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾ പോലുമുള്ളതായി പറഞ്ഞുകേൾക്കുന്നുണ്ടെന്നും മുഹ്സിൻ പറഞ്ഞു.
മരണശേഷം ശരീരം വിട്ടുകൊടുക്കാൻ തയാറുള്ള സഭാംഗങ്ങളുടെ ക്യാന്പ് സംഘടിപ്പിച്ചാൽ നന്നായിരിക്കുമെന്ന് ഇ.കെ. വിജയൻ നിർദേശിച്ചെങ്കിലും ആരും അതു കാര്യമായി ഏറ്റുപിടിച്ചില്ല. ഉദാത്തമായ ആശയമായാണ് മുഹ്സിൻ സ്വകാര്യ ബിൽ കൊണ്ടുവന്നതെങ്കിലും ഇപ്പോഴുള്ള നിയമത്തിൽ ഇതിനെല്ലാം വ്യവസ്ഥയുണ്ടെന്നു പറഞ്ഞ് സ്വകാര്യ ബില്ലിനെ സർക്കാരിനു വേണ്ടി മന്ത്രി ഒ.ആർ. കേളു എതിർത്തു.
മന്ത്രി എതിർത്തിട്ടും അവതരിപ്പിച്ച ബിൽ സംതൃപ്തിയോടെ പിൻവലിച്ചത് ഡോ. എൻ. ജയരാജ് ആണ്. വിദേശ പഠന കണ്സൾട്ടൻസികളുടെയും ട്രാവൽ ഏജൻസികളുടെയും രജിസ്ട്രേഷനും നിയന്ത്രണവും ബിൽ അവതരിപ്പിച്ചപ്പോൾ ജയരാജിന് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽനിന്നു മികച്ച പിന്തുണയാണു ലഭിച്ചത്.
ബില്ലിനെ എതിർത്തപ്പോഴും മന്ത്രി ആർ. ബിന്ദു, ’പരിണിതപ്രജ്ഞനും സൂക്ഷ്മാംശങ്ങൾ ശ്രദ്ധിക്കുന്നയാളും’ എന്നാണ് ജയരാജനെ വിശേഷിപ്പിച്ചത്. നിയമനിർമാണരംഗത്തെ ജയരാജന്റെ പ്രാഗത്ഭ്യത്തെ മന്ത്രിയും അംഗീകരിക്കുകയായിരുന്നു.
സമാനമായ ബിൽ സർക്കാർ തയാറാക്കി വരികയാണെന്നും വൈകാതെ നിയമസഭയിൽ അവതരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ജയരാജന്റെ ബില്ലിനെ എതിർത്തത്.
ബില്ലിനെ എതിർത്തെങ്കിലും താൻ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം സർക്കാർ ഉൾക്കൊണ്ടതിൽ ജയരാജൻ തൃപ്തനായി. സർക്കാർ തയാറാക്കുന്ന ബില്ലിൽ തന്റെ ബില്ലിലെ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായി എന്നുകൂടി ജയരാജ് പറഞ്ഞു.
കാവുകളുടെ സംരക്ഷണത്തിനും വികസനത്തിനുമായി അഥോറിറ്റി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അനൂപ് ജേക്കബിന്റെ സ്വകാര്യബിൽ. കാർഷിക ഉത്പന്നങ്ങൾക്ക് അർഹമായ തറവില ഉറപ്പിക്കാൻ കറുക്കോളി മൊയ്തീൻ അവതരിപ്പിച്ച ബില്ലിന്റെ തുടർ ചർച്ചയായിരുന്നു ഇന്നലെ നടന്നത്.
ഡൽഹിയിൽ കർഷക സമരത്തെ അടിച്ചമർത്തുന്നതിനെ ഒരുമിച്ചെതിർത്തതാണെന്ന് ഭരണപക്ഷത്തെ ഓർമിപ്പിച്ച പി.സി. വിഷ്ണുനാഥ്, ഇവിടെ ആശാവർക്കർമാരുടെ പന്തൽ പൊളിച്ചതിനെ വിമർശിച്ചു. പൊതുഇടങ്ങളിൽ സമരപ്പന്തൽ കെട്ടാൻ കോടതി അനുവദിക്കുന്നില്ലെന്നു പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ പന്തൽ പൊളിച്ചതിനെ ന്യായീകരിച്ചു.
ആശാ സമരം സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും സഭയിലെത്തിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി എം.ബി. രാജേഷ് ആയിരുന്നു മറുപടി പറഞ്ഞത്.
സമരം തീർക്കാൻ ചർച്ച നടത്തണമെന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ച അന്നുതന്നെ ചർച്ചയ്ക്കു വിളിച്ചത് മന്ത്രി ചൂണ്ടിക്കാട്ടി. ചർച്ച പരാജയപ്പെട്ടത് സമരക്കാരുടെ ശാഠ്യവും നിർബന്ധബുദ്ധിയും മൂലമാണെന്നു മന്ത്രി കുറ്റപ്പെടുത്തി.
സബ്മിഷനൊടുവിൽ വാക്കൗട്ടിലേക്കു നീങ്ങിയപ്പോൾ പ്രതിപക്ഷവും സ്പീക്കറും കൊന്പു കോർത്തു. പ്രതിപക്ഷ നേതാവു പ്രസംഗം തുടങ്ങി അധികം കഴിയുന്നതിനു മുന്പുതന്നെ അടുത്തയാളെ സബ്മിഷൻ അവതരിപ്പിക്കാൻ വിളിച്ചതായിരുന്നു ബഹളത്തിനു കാരണം.
വീണ്ടും പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിച്ചതോടെയാണ് ബഹളം അവസാനിച്ചത്. ഒടുവിൽ അതു വാക്കൗട്ടിൽ കലാശിച്ചു.