നിയമ ഭേദഗതി ബിൽ : യൂണിവേഴ്സിറ്റികളുടെ സ്വയംഭരണത്തിന് അന്ത്യം കുറിക്കുമെന്ന് എഫ്യുഇഒ
Saturday, March 22, 2025 1:38 AM IST
അതിരമ്പുഴ: സർവകലാശാലാ നിയമ ഭേദഗതി ബിൽ സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണത്തിന് അന്ത്യം കുറിക്കുന്നതാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്.
സർവകലാശാലകളെ സിപിഎമ്മിന്റെ രാഷ്ട്രീയ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് യുജിസി മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ ബില്ലിനു പിന്നിലെന്ന് എഫ്യുഇഒ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷും ജനറൽ സെക്രട്ടറി ജയൻ ചാലിലും ട്രഷറർ കെ.എസ്. ജയകുമാറും ആരോപിച്ചു.
സർവകലാശാലകളുടെ ഭരണപരവും അക്കാദമിക-ഗവേഷണപരവുമായ കാര്യങ്ങളിലും പരീക്ഷാ നടത്തിപ്പിലുമെല്ലാം വിദ്യാഭ്യാസ മന്ത്രിക്കോ മന്ത്രി ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കോ ഇടപെടലുകളും പരിശോധനകളും നടത്തുന്നതിന് അധികാരം നൽകുന്ന ബില്ലിലെ വിവാദ വ്യവസ്ഥകൾ സർവകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള കടന്നുകയറ്റമാണ്.
സർവകലാശാലകളുടെ ഭരണം കൈപ്പിടിയിൽ ഒതുക്കാനും ഉന്നത വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാനും നിയമങ്ങൾ തട്ടിക്കൂട്ടാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ നിലവിലുള്ള സർവകലാശാലകളെ ശക്തീകരിക്കാൻ എന്തു നിയമനിർമാണമാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ അവശ്യപ്പെട്ടു.
സ്വകാര്യ സർവകലാശാല ബില്ലും സർവകലാശാല നിയമ ഭേദഗതി ബില്ലും നിയമസഭയിൽ ചർച്ചയ്ക്കു വരുന്ന 24ന് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ സർവകലാശാലാ കാമ്പസുകളിലും ബില്ലുകൾ കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.