കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ വീണാ ജോർജ് 18ന് അനുമതി തേടിയിരുന്നു: മന്ത്രി എം.ബി. രാജേഷ്
Saturday, March 22, 2025 1:37 AM IST
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ കാണാൻ മന്ത്രി വീണ ജോർജ് 18ന് അനുമതി തേടിയിരുന്നതായി മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
വ്യാഴാഴ്ച വീണ്ടും കത്തു നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. ആശാ വർക്കർമാരെ ആരോഗ്യ പ്രവർത്തകർ ആക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ഈ കത്തിലും മന്ത്രി ഉന്നയിച്ചിരുന്നു.
ഈ ആവശ്യത്തിനൊപ്പമാണ് സർക്കാർ. ഇന്ത്യൻ ലേബർ കോണ്‍ഫറൻസ് ആശമാരെ ഹെൽത്ത് വർക്കർമാരായി അംഗീകരിക്കണമെന്ന് ശിപാർശ ചെയ്തിരുന്നതാണ്. അങ്കണവാടി പ്രവർത്തകരെ ജീവനക്കാരായി അംഗീകരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവുണ്ട്.
ഗ്രാറ്റുവിറ്റി നൽകാൻ സുപ്രീംകോടതി ഉത്തരവുണ്ട്. ബിജെപി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ആശമാരുടെ ഇൻസെന്റീവ് കൂട്ടാൻ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നു. പക്ഷേ, ഇൻസെന്റീവ് കൂട്ടുന്നതിൽ കേന്ദ്രം ഉറപ്പ് നൽകുന്നില്ല. ഇതിനെതിരേയാണ് ആശാമാർ സമരം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ മന്ത്രി വീണ അനുമതി തേടാതെയാണോ പോയതെന്നും അതോ ചോദിച്ചിട്ട് കിട്ടാത്തതാണോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. അനുമതി തേടിയിട്ടും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ കാണാൻ അനുമതി നൽകിയില്ലെങ്കിൽ ശരിയായ നടപടിയല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.