കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ; ഉദ്യോഗസ്ഥർ മനഃപൂർവം പരാജയപ്പെടുത്തുന്നു: മന്ത്രി ഗണേഷ് കുമാർ
Saturday, March 22, 2025 1:38 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിലെ പഠിതാക്കളെ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവം പരാജയപ്പെടുത്തുന്നുവെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ നിയമസഭയിൽ പറഞ്ഞു.
ഇത്തരം ഉദ്യോഗസ്ഥരെ കണ്ടത്തും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു ഉദ്യോഗസ്ഥൻ കെഎസ്ആർടിസി സ്കൂളിലെ ഒൻപതു പഠിതാക്കളെയാണു ബോധപൂർവം തോൽപ്പിച്ചത്.
ഇരുചക്രവാഹനങ്ങളുടെ എട്ട് എടുക്കലിൽ കാലു കുത്താൻ പാടില്ല. ഇതു പാസായവരെ റോഡ് ടെസ്റ്റ് നടത്തും. ഇത്തരത്തിൽ ഇടറോഡിൽ നിന്നു ദേശീയ പാതയിലേക്കു കടക്കുന്നതിനിടെ കാലുകുത്തി എന്ന വാദമുന്നയിച്ചാണ് ഒൻപതു പേരെയും പരാജയപ്പെടുത്തിയത്. ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കിയതോടെ ടെസ്റ്റുകളിൽ പാസാകുന്നവരുടെ ശതമാനം കുറഞ്ഞിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിനു മികച്ച പ്രതികരണമാണ്. ഇവിടെ പഠിച്ചു ലൈസൻസ് എടുത്തവർക്കു പിന്നീടു കൈ തെളിയാൻ പണം ചെലവാക്കേണ്ടി വരില്ല. ഇപ്പോൾ 21 ഡ്രൈവിംഗ് സ്കൂളുകളാണു കെഎസ്ആർടിസിക്കു കീഴിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ വാഹനങ്ങളിലും കാമറ സ്ഥാപിക്കൽ നിർബന്ധമാക്കും
തിരുവനന്തപുരം: സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഏർപ്പെടുത്തിയതുപോലെ സ്കൂൾ വാഹനങ്ങളിലും കാമറ സ്ഥാപിക്കൽ നിർബന്ധമാക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ. ജൂണ് ഒന്നിനു മുന്പ് എല്ലാ സ്കൂൾ ബസുകളിലും കാമറ ഏർപ്പെടുത്തണം. മേയിൽ സ്കൂൾ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിനു വരുന്പോൾ കാമറ ഘടിപ്പിച്ചിരിക്കണം.മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ വാഹനങ്ങളിലും കാമറ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരേ പോലീസ് വകുപ്പിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ കർശന നടപടി സ്വീകരിക്കുമെന്നും ഗണേഷ്കുകുമാർ പറഞ്ഞു.
റിക്രൂട്ടിംഗ് ഏജൻസികളുടെ കബളിപ്പിക്കലുകൾ തടയാൻ നിയമനിർമാണം
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്കു പഠനാർഥം വിദ്യാർഥികളെ എത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളുടെ കബളിപ്പിക്കലുകൾ തടയാൻ നിയമ നിർമാണം പരിഗണനയില്ലെന്നു മന്ത്രി ഡോ.ആർ. ബിന്ദു. വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഏജൻസികളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പു സ്വീകരിക്കും.
ഏജൻസികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ബിൽ സഭ അംഗീകരിക്കുന്നതോടെ ഏജൻസികളെ നിയന്ത്രിക്കാനാകും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഏജൻസികൾ പലതും വിശ്വാസയോഗ്യമല്ലാത്ത അവകാശവാദങ്ങളാണു മുന്നോട്ടുവയ്ക്കുന്നത്. അതു സംബന്ധിച്ച വിശദമായ അവബോധം വിദ്യാർഥികൾക്കു സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ട്. വിദ്യാർഥി കുടിയേറ്റവുമായി ബന്ധപ്പെട്ടു സമഗ്രമായ വിവരശേഖരണം നടത്തുമെന്നതാണ് ഇതിലൊന്നെന്നും മന്ത്രി ബിന്ദു പറഞ്ഞു.