വയനാട് പുനർനിർമാണം; വായ്പയ്ക്കൊപ്പം ഗ്രാന്റും വേണം: നിലപാടിൽ ഉറച്ച് കേരളം
Sunday, February 16, 2025 2:06 AM IST
തിരുവനന്തപുരം: വയനാട് പുനർനിർമാണത്തിനായി കേന്ദ്രം നൽകിയ കാപ്പക്സ് വായ്പയ്ക്കൊപ്പം സംസ്ഥാനത്തിന് അർഹതപ്പെട്ട ഗ്രാന്റും അനുവദിക്കണമെന്ന നിലപാടിൽ ഉറച്ച് കേരളം. വയനാട് പുനർനിർമാണത്തിനായുള്ള ഗ്രാന്റ് നേടിയെടുക്കാൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദം ശക്തമാക്കാനും തീരുമാനിച്ചു.
അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാരും അംഗീകരിച്ച വയനാട് പുനർ നിർമാണത്തിന് വായ്പ അനുവദിച്ച കേന്ദ്ര നടപടിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെയാണ് വായ്പയിൽ ഒതുങ്ങാതെ ഗ്രാന്റിനായുള്ള വാദവും തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
കേരളം നൽകിയ പാക്കേജിന് ആനുപാതികമായ തുക ഗ്രാന്റായി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദുരന്തപ്രതികരണ വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും കത്തെഴുതും.
ഇരുവരെയും നേരിട്ടു കണ്ട് ആവശ്യം ഉന്നയിക്കുന്നതും പരിഗണനയിലുണ്ട്. ഇപ്പോൾ അനുവദിച്ച വായ്പയിൽ 75 ശതമാനം തുക ഗ്രാന്റ് ആക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
അതേസമയം, അനുവദിച്ച കാപ്പക്സ് വായ്പ എങ്ങനെയും വാങ്ങിയെടുക്കാനുള്ള നടപടികളും സ്വീകരിക്കും. വിനിയോഗ സർട്ടിഫിക്കറ്റ് നൽകാനുള്ള കാലപരിധി ഉയർത്തണമെന്ന ആവശ്യം രാഷ്ട്രീയമായും ഉദ്യോഗസ്ഥ തലത്തിലും ഉന്നയിക്കും. മാർച്ച് 31നകം വിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു കേന്ദ്ര നിർദേശം.
വായ്പ നേടിയെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർക്കും.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും ധന അഡീഷണൽ ചീഫ് സെക്രട്ടറിയും തിരുവനന്തപുരത്തിനു പുറത്തായിരുന്നതിനാൽ ഇക്കാര്യത്തിൽ തുടർചർച്ചകൾ നടന്നില്ല. തിങ്കളാഴ്ച ഇതു സംബന്ധിച്ച് വകുപ്പു സെക്രട്ടറിമാർ അടക്കമുള്ളവരുടെ യോഗം വിളിച്ചു ചേർക്കുന്നതും ആലോചനയുണ്ട്.
വയനാട് പുനർ നിർമാണത്തിനായി പ്രധാനമായി കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമാണ് നിർമിക്കേണ്ടി വരിക. ഇതിനാൽ പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബിക്കും ജല അഥോറിറ്റിക്കും തുക വിനിയോഗിച്ച ശേഷം വിനിയോഗ സർട്ടിഫിക്കറ്റ് കേന്ദ്രത്തിനു സമർപ്പിക്കുന്നതും ആലോചനയിലുണ്ട്.
ഇതെല്ലാം ഉന്നതതല യോഗ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും സ്വീകരിക്കുക. സംസ്ഥാന ദുരന്തപ്രതികരണ വകുപ്പിന്റെ നേതൃത്വത്തിലാണ് വയനാട് പുനർ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഏകീകരിക്കുന്നത്.