കയർ ബോർഡിൽ തൊഴിൽ പീഡനം; ചികിത്സയിലിരുന്ന ഉദ്യോഗസ്ഥ മരിച്ചു
സ്വന്തം ലേഖകൻ
Tuesday, February 11, 2025 6:39 AM IST
കൊച്ചി: തൊഴിൽസ്ഥലത്തെ മാനസിക പീഡനത്തിന് ഇരയെന്ന ആക്ഷേപമുയർന്ന കയർ ബോർഡ് ഉദ്യോഗസ്ഥ മരിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ കൊച്ചി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷൻ ഓഫീസർ വെണ്ണല ചളിക്കവട്ടം പയ്യപ്പിള്ളി പരേതനായ മധുവിന്റെ ഭാര്യ ജോളി (56) യാണു മരിച്ചത്.
തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് 11 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസർ അതിജീവിതകൂടിയാണ് ജോളി.
കയർ ബോർഡിലെ മേലുദ്യോഗസ്ഥരിൽനിന്ന് ഉൾപ്പെടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു ജോളിയെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കാൻസർ രോഗികൂടിയായ ഇവർ താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കയർബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കും എംഎസ്എംഇ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നേരത്തെ പരാതി നൽകിയിരുന്നു.
ജോളിയുടെ മകനും വിഷയത്തിൽ അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.
ബോർഡിലെ മുന് സെക്രട്ടറിയുടെ തസ്തിക മാറ്റത്തിനു പിന്നിൽ ജോളിയാണെന്ന് ആരോപിച്ചായിരുന്നു ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് സഹപ്രവർത്തകർ പറയുന്നു. കയർ ബോർഡിൽ 30 വർഷമായി ജോലി ചെയ്യുന്ന ജോളിക്ക് വിരമിക്കാൻ മൂന്നു വർഷമാണ് ബാക്കിയുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിനിയായ ജോളി ജോലിയുടെ ഭാഗമായി വർഷങ്ങളായി കൊച്ചിയിലാണു താമസം.
മാനസികമായ സമ്മർദങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അഞ്ചു മാസമായി ജോളി അവധിയിലായിരുന്നു. ജനുവരി 31നാണ് തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭർത്താവ് മധു കോവിഡ് സമയത്ത് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു. ബംഗളൂരുവിൽ ഐടി രംഗത്തുള്ള മഹേഷ്, മിലൻ എന്നിവർ മക്കളാണ്. ജോളിയുടെ സംസ്കാരം നാളെ രാവിലെ പത്തിന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ നടക്കും.
ഉദ്യോഗസ്ഥർക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ജോളിയുടെ കുടുംബം
കൊച്ചി: അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ കയർ ബോർഡിൽ ജോളി മധുവിന് കടുത്ത മാനസിക സമ്മർദമുണ്ടായിരുന്നെന്ന് സഹോദരങ്ങളായ സിബിയും ലാലിച്ചനും പറഞ്ഞു. ജോളിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ശന്പളം തടഞ്ഞുവച്ച ബോർഡ് അധികൃതർ ജോളിയെ വെന്റിലേറ്ററിലേക്കു മാറ്റിയപ്പോഴാണ് അത് അനുവദിക്കാൻ തയാറായത്. മുന്പും സമാന സമ്മർദം ജോളിക്കു നേരിടേണ്ടിവന്നിട്ടുണ്ട്. ഏഴു പേർ വിആർഎസിൽ ജോലി ഉപേക്ഷിച്ചതിന്റെ കാരണവും ഇത്തരം സമ്മർദങ്ങളാണെന്നും സഹോദരങ്ങൾ ആരോപിച്ചു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കയർ ബോർഡ്
കൊച്ചി: ജോളി മധുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ കയർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരേയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കയർ ബോർഡ് ചെയർമാൻ. ആരോഗ്യപ്രശ്നങ്ങൾ മനസിലാക്കി ജോളിക്ക് അവധിയും ആ സമയത്തെ ശന്പളവും അനുവദിച്ചു.
1996ൽ കയർ ബോർഡിൽ എൽഡിസിയായിയാണ് ജോളി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജൂണിയർ സ്റ്റെനോഗ്രഫർ, ഹിന്ദി വിവർത്തക എന്നീ തസ്തികകളിലേക്കു സ്ഥാനക്കയറ്റം നൽകി. ഇപ്പോൾ സെക്ഷൻ ഓഫീസറാണ്. ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് ആന്ധ്രയിലെ രാജമുൻഡ്രിയിലേക്കു സ്ഥലംമാറ്റം നൽകിയതെന്നും ചെയർമാൻ പറഞ്ഞു.