ജപ്തി ചെയ്യുന്പോൾ ബോർഡ് സ്ഥാപിക്കരുത്: മന്ത്രി വാസവൻ
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: മൂന്നു സെന്റിൽ താഴെയുള്ള വീടുകൾ ബാങ്ക് നപടികളുടെ ഭാഗമായി ജപ്തി ചെയ്യുന്പോൾ ബോർഡ് സ്ഥാപിക്കരുതെന്നും ജപ്തിക്കു മുന്‍പു പകരം ഷെൽട്ടർ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കണമെന്നും ബാങ്കുകളോടു നിർദേശിച്ചിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ.
സർഫാസി നിയമപ്രകാരം ജപ്തി നടപടിയുടെ ഭാഗമായി ബാങ്കുകൾ വസ്തുവിൽ ബോർഡ് സ്ഥാപിക്കുന്നതു ശരിയല്ല. കേരള ബാങ്ക് ഇത്തരത്തിൽ ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കു സംസ്ഥാന സർക്കാർ ഇതുവരെ 2159 കോടി ചെലവഴിച്ചെന്നു മന്ത്രി വി.എൻ.വാസവൻ. വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രം നൽകാത്തതിനാൽ ഈ തുക നബാർഡിൽ നിന്നു വായ്പയായി ലഭ്യമാക്കുന്നുണ്ട്.
വിജിഎഫ്ന്റെ കാര്യത്തിൽ കേന്ദ്രം നിലപാടു മാറ്റുമെന്നാണു പ്രതീക്ഷ. വിജിഎഫ് കേരളത്തിന്റെ അവകാശമാണ്. ഔദാര്യമല്ല. ഇതുവരെ വിഴിഞ്ഞത്ത് 163 കപ്പുലകൾ വന്നുപോയി. 3.20 ടിയു ചരക്കാണ് ഇതുവരെ കൈകാര്യം ചെയ്തത്. 2028ൽ വിഴിഞ്ഞം പൂർണതോതിൽ പ്രവർത്തനക്ഷമമാകും. ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുന്നു.
ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.
നാലാം ഘട്ടമാകുന്നതോടെ ഇത് 30 ലക്ഷമാകും. റെയിൽ,റോഡ് കണക്ടിവിറ്റി പൂർത്തിയാകാനുണ്ട്. റെയിൽ കണക്ടിവിറ്റിക്കായുള്ള കൊങ്കണ്‍ റെയിൽവേയുടെ ഡിപിആർ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്കു കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.