അവഗണനയിൽ മനസ് നൊന്ത് ...
സാബു ജോണ്
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: കേന്ദ്ര അവഗണനയിൽ മനംനൊന്ത കേരളത്തിലെ ഭരണപക്ഷക്കാർ കേരളം എന്താ ഇന്ത്യയിലല്ലേ എന്നാണ് ഈയിടെയായി ചോദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ മനസു നീറുന്ന പി. ഉബൈദുള്ളയുടെ ചോദ്യം മലപ്പുറമെന്താ കേരളത്തിലല്ലേ എന്നാണ്.
യു. പ്രതിഭയ്ക്ക് എംപിമാരോട് അസൂയയാണ്. കേന്ദ്രത്തിൽ നിന്ന് ഒന്നും ലഭിച്ചില്ലെങ്കിലും അവരെ ആരും കുറ്റപ്പെടുത്തുന്നില്ലല്ലോ. പ്രതിപക്ഷത്തുള്ളവർ സ്വന്തം നാട്ടിൽ പോയി ബജറ്റിലൂടെ മണ്ഡലത്തിന് ആയിരം കോടി കിട്ടിയെന്നൊക്കെ പറഞ്ഞിട്ട് നിയമസഭയിൽ വന്ന് ഒന്നും തന്നില്ലേ എന്നു കരയുകയാണെന്ന് പ്രതിഭ ചില പ്രതിപക്ഷ മണ്ഡലങ്ങളുടെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തി.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെപ്പോലെ നിഷ്കളങ്കനാണെന്ന് പി. ഉബൈദുള്ളയ്ക്കു ബോധ്യമുണ്ട്. തന്നെപ്പോലെ നിഷ്കളങ്കൻ എന്നു പറഞ്ഞതോടെ അതു ’നിന്ദാസ്തുതി’ ആയിപ്പോയില്ലേ എന്നു മന്ത്രി എം.ബി. രാജേഷിനു സംശയം. ധനമന്ത്രി നിഷ്കളങ്കനാണെന്ന കാര്യത്തിൽ റോജി എം. ജോണിനും സംശയമില്ല. പക്ഷേ നിഷ്കളങ്കനായാൽ പോരാ, നീതിമാനുമാകണം എന്നാണ് റോജിയുടെ നിലപാട്. പ്രതിപക്ഷ അംഗങ്ങൾക്കു ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുന്നത് ഔദാര്യമൊന്നുമല്ലെന്നും തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങൾ നൽകുന്ന നികുതിയും സംസ്ഥാന സർക്കാരിനു ലഭിക്കുന്നുണ്ടെന്നു റോജി പറഞ്ഞു.
പിണറായി സർക്കാർ തീവ്രവലതുപക്ഷ നയങ്ങൾ സ്വീകരിക്കുന്നു എന്നു റോജി പറഞ്ഞത് ഐ.ബി. സതീഷിനെ വല്ലാതെയങ്ങു ചൊടിപ്പിച്ചു. കേരളം അതിതീവ്രദരിദ്രരില്ലാത്ത നാടാകുകയാണ്. ലോകത്ത് വേറെ ഏതെങ്കിലും വികസ്വരപ്രദേശത്തിന് ഇതു സാധിച്ചിട്ടുണ്ടോ എന്നു സതീഷ് ചോദിച്ചു.
കേരളത്തെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിൽ രോഷം കൊണ്ട കെ.ഡി. പ്രസേനൻ, താമരക്കുരു ഉണക്കി ശേഖരിക്കുന്ന ഉടായിപ്പു പരിപാടിക്കു വരെ ഒരു ലക്ഷം കോടി അനുവദിച്ചെന്നു കുറ്റപ്പെടുത്തി.
കേരളം വികസനത്തിന്റെ ടേക്ക് ഓഫിനു തയാറാകുന്നു എന്ന ബജറ്റ് പ്രസംഗത്തിലെ അവകാശവാദം പി.ജെ. ജോസഫിന് അത്രയ്ക്കങ്ങു വിശ്വസിക്കാൻ പറ്റുന്നില്ല. കേരളത്തെ കാർബണ് ഫ്രീ സംസ്ഥാനം ആക്കുമെന്നു പറയുകയും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കു 10 ലക്ഷം രൂപ പ്രഖ്യാപിച്ച ശേഷം അഞ്ചു ലക്ഷമേ നൽകിയുള്ളു എന്ന പരാതി ഉയരുന്നതായും പി.ജെ. ജോസഫ് പറഞ്ഞു. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബാക്കി തുക നൽകുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ചില കേസുകൾ ഉണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് ബജറ്റിന്റെ പൊതുചർച്ച തുടങ്ങി വച്ചത്. ചിറ്റയം പ്രസംഗിക്കുന്പോൾ ധനമന്ത്രിയുടെ അടുത്തു പോയി സംസാരിച്ചിരുന്ന അൻവർ സാദത്തിനോടും അബ്ദുൾ ഹമീദിനോടും തന്റെ പ്രസംഗം കേൾക്കാൻ ധനമന്ത്രിയെ അനുവദിക്കണമെന്നു ചിറ്റയം പറഞ്ഞു. ഒരു വർഷം ഒരു അവസരമേ ലഭിക്കൂ. അതുകൊണ്ടാണു പറയുന്നത്- ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഉടൻ തന്നെ ഇരുവരും സ്ഥലംവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾക്കു നീക്കിവച്ച തുക പോലും കാർഷികമേഖലയ്ക്കു നൽകിയില്ലെന്നു ഡോ. മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റ് കർഷകർക്കുള്ള ആത്മഹത്യാപ്രേരണാകുറിപ്പ് ആണെന്നു സജീവ് ജോസഫ് കുറ്റപ്പെടുത്തി. റബർ എന്ന വാക്കു പോലും ബജറ്റ് പ്രസംഗത്തിലില്ല. ഭൂനികുതി വർധിപ്പിച്ചത് ശുദ്ധതോന്ന്യാസമാണെന്നും സജീവ് ജോസഫ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ബജറ്റുകളുടെ ഒരു താരതമ്യം അണിയറയിൽ തയാറാകുന്നുണ്ട്. തയാറായിക്കഴിഞ്ഞാൽ എല്ലാ ജനപ്രതിനിധികൾക്കും അത് എത്തിച്ചു കൊടുക്കുകയും ചെയ്യും. ഡോ. എൻ. ജയരാജാണ് ഈ പഠനം നടത്തുന്നത്. ബജറ്റ് ചർച്ചയ്ക്കു മുന്പേ ഈ രേഖ എത്തിച്ചു കൊടുത്തിരുന്നെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് അത് ഉപകാരപ്പെടുമായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ചതിയൻ ചന്തുമാരുടെ പിന്മുറക്കാരാണിപ്പോൾ കോണ്ഗ്രസ് എന്ന് എം. രാജഗോപാലൻ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ചത് ഉദ്ദേശിച്ചായിരുന്നു രാജഗോപാലിന്റെ വിമർശനം.കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കത്തിന്റെ പേരിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോക്കി. റോജി എം. ജോണ് അവതരണാനുമതി തേടിയ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.