സനൽകുമാർ ശശിധരനെതിരേ നടി രഹസ്യമൊഴി നൽകി
Tuesday, February 11, 2025 6:10 AM IST
ആലുവ: സിനിമാസംവിധായകൻ സനൽകുമാർ ശശിധരനെതിരായ കേസിൽ നടി ആലുവ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് താൻ ഭീഷണി നേരിടുന്നതായി നടി മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള സനൽകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ മാനഹാനിയുണ്ടാക്കിയെന്ന പരാതിയുമായാണ് നടി വീണ്ടും പോലീസിനെ സമീപിച്ചത്. സനൽകുമാർ ശശിധരനെതിരേ 2022ൽ നടി നൽകിയ പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ അറസ്റ്റിലായ സനൽകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് പ്രതി പങ്കുവച്ചിരുന്നത്. നടിയുടേതെന്ന പേരിൽ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തു. പ്രതിക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. നിലവിൽ ഇയാൾ അമേരിക്കയിലാണെന്നാണു വിവരം.