ഒമ്പത് വന്ദേസ്ലീപ്പർ ട്രെയിനുകൾകൂടി ഈ വർഷം നിർമിക്കും
എസ്. ആർ സുധീർ കുമാർ
Tuesday, February 11, 2025 6:39 AM IST
കൊല്ലം: ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വിജയകരമായ പരീക്ഷണത്തെത്തുടർന്ന്, 2025 ഡിസംബർ അവസാനത്തോടെ പ്രീമിയം ട്രെയിനിന്റെ ഒമ്പത് സ്ലീപ്പർ പതിപ്പുകൾ കൂടി നിർമിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 16 കോച്ചുകളുള്ള ഈ ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിലായിരിക്കും നിർമിക്കുക.
16 കോച്ചുകളുള്ള ട്രെയിനുകൾക്ക് പുറമേ, 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. 24 കോച്ചുകളുള്ള സ്ലീപ്പർ വേരിയന്റിന്റെ 50 റേക്കുകൾക്ക് പ്രൊപ്പൽഷൻ ഇലക്ട്രിക്കുകൾ (ട്രെയിനുകൾക്ക് പവർ നൽകുന്ന സിസ്റ്റങ്ങൾ ) റെയിൽവേ അഥോറിറ്റി ഓർഡർ ചെയ്തിട്ടുണ്ട്. 2024 ഡിസംബർ 17ന് നൽകിയ ഈ ഓർഡർ രണ്ട് കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് (എംഎസ്ഡിപിഎൽ), ഫ്രഞ്ച് നിർമാതാക്കളായ ആൽസ്റ്റോം എന്നീ സ്ഥാപനങ്ങളാണ് റേക്കുകൾക്ക് പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ വിതരണം ചെയ്യുക, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആൽസ്റ്റോം 17 റേക്കുകൾക്ക് സിസ്റ്റം നൽകും. ഈ ദൈർഘ്യമേറിയ ട്രെയിനുകളുടെ പൂർണ തോതിലുള്ള ഉത്പാദനം 2026-27 ൽ ആരംഭിക്കും.
ട്രയൽ റൺ വിജയകരം
ആദ്യത്തെ സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി. 2025 ജനുവരി 15 ന് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) പൂർത്തിയാക്കി. 16 കോച്ചുകളുള്ള ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ട്രയൽ റൺ ആയിരുന്നു ഇത്. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 540 കിലോമീറ്റർ ദൂരം പരീക്ഷണ ഓട്ടം നടത്തി. ഐസിഎഫ് നിർമിച്ച ഈ ട്രെയിൻ 2024 ഡിസംബർ 17 ന് പൂർത്തീകരിച്ചു,
തുടക്കത്തിൽ കോട്ട ഡിവിഷനിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ 30-40 കിലോമീറ്റർ ഹ്രസ്വദൂര ഓട്ടങ്ങളിൽ പരീക്ഷിച്ചു.
ട്രെയിൻ സർവീസ് പ്രവർത്തനക്ഷമമാക്കുന്നതിന് മുമ്പ്, ആർഡിഎസ്ഒ കൂടുതൽ വിശകലനം നടത്തി അന്തിമ സർട്ടിഫിക്കേഷൻ നൽകും. കൂടാതെ, റെയിൽവേ സുരക്ഷാ കമ്മീഷണർ ട്രെയിനിന്റെ പരമാവധി വേഗം വിലയിരുത്തും. 16 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിൻ മൂന്ന് ക്ലാസുകളായ എസി ഫസ്റ്റ് ക്ലാസ്, എസി ടൂ-ടയർ, എസി ത്രീ-ടയർ എന്നിവയോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒരു ട്രെയിനിൽ ആകെ 1,128 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ക്രാഷ് ബഫറുകൾ, ഡിഫോർമേഷൻ ട്യൂബുകൾ, ഫയർ-ബാരിയർ വാൾ എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു .
ദേശീയ-അന്തർദേശീയ കരാറുകൾ
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വിതരണത്തിനായി സ്വകാര്യ, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഇന്ത്യൻ റെയിൽവേ പ്രധാന കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. 2023 ജൂണിൽ, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ് ങ്കൽ), ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ) എന്നിവയുടെ ഒരു കൺസോർഷ്യം 24,000 കോടി ചെലവിൽ 80 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനുള്ള കരാർ നേടി.