കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ മരണം; രാത്രി വൈകിയും സംഘർഷാവസ്ഥ
Tuesday, February 11, 2025 6:39 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സ്ഥലത്ത് രാത്രി ഏറെ വൈകിയും സംഘർഷാവസ്ഥ. കൊമ്പൻപാറ ഭാഗത്ത് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തിയതിനുശേഷം മാത്രമേ സോഫിയയുടെ മൃതദേഹം എടുക്കാൻ അനുവദിക്കുവെന്ന് നാട്ടുകാർ പറഞ്ഞു.
കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും നാളുകളായി തുടരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചെന്നപ്പാറ, മതമ്പ മേഖലയിൽ വർഷങ്ങളായി വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇപ്പോൾ ആനയുടെ ആക്രമണമുണ്ടായതിന് സമീപത്താണ് കഴിഞ്ഞവർഷം കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇതിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തന്നെ കഴിഞ്ഞ വർഷം തോട്ടം തൊഴിലാളികളുടെ വളർത്തു മൃഗങ്ങളെ കടുവ വ്യാപകമായി ആക്രമിച്ചു കൊന്നിരുന്നു. കടുവയെ പിടികൂടുവാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടാ യില്ല. ആനയുടെ ആക്രമണത്തിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ നിരവധി തൊഴിലാളികൾക്കാണ് മുൻപ് പരിക്കേറ്റിട്ടുള്ളത്.