ഒമ്പതുവയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവം: വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ
Tuesday, February 11, 2025 6:10 AM IST
വടകര: വടകര ചോറോട് ഒമ്പതുവയസുകാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവത്തില്‍ വിദേശത്തേക്കു കടന്ന പ്രതി പിടിയില്‍. ഗള്‍ഫിലായിരുന്ന പ്രതി പുറമേരി സ്വദേശി ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലാണു പിടിയിലായത്. പ്രതിയെ വടകര പോലീസിനു കൈമാറും.
പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശി മരിക്കുകയും കുട്ടി കോമ അവസ്ഥയിലാവുകയും ചെയ്തിരുന്നു.
2024 ഫെബ്രുവരി 17നു ദൃഷാനയും മുത്തശിയും അടക്കമുള്ളവര്‍ ദേശീയപാത മുറിച്ചു കടക്കവേയാണ് കാര്‍ ഇടിച്ചത്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ വാഹനം ഒമ്പത് മാസത്തിനു ശേഷമാണു പോലീസ് കണ്ടെത്തിയത്. കെഎല്‍ 18 ആര് 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജില്‍ ഓടിച്ച കാറാണു ദൃഷാനയെ ഇടിച്ചതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിനു ശേഷം പ്രതിയും കുടുംബവും വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14നാണ് പ്രതി വിദേശത്തേക്ക് കടന്നത്. വാഹനത്തിന്റെ ഇൻഷ്വറന്‍സ് ക്ലെയിം കൈപ്പറ്റുകയും ചെയ്തിരുന്നു.
ഇതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്നു വരുത്തിയാണ് പ്രതി ഇൻഷ്വറന്‍സ് ക്ലെയിമിനു ശ്രമിച്ചത്. അപകടത്തിനുശേഷം വാഹനത്തിനു രൂപമാറ്റം വരുത്തിയെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചു. കുട്ടിയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അപകടം വരുത്തിയ ആളെ തിരിച്ചറിഞ്ഞതും കാര്‍ കസ്റ്റഡിയിലെടുത്തതും.