മുല്ലപ്പെരിയാർ: രാജ്ഭവൻ മാർച്ച് 18ന്
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന സുരക്ഷാഭീഷണിക്കു പരിഹാരം കണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു 18ന് മാർച്ച് സംഘടിപ്പിക്കുമെന്നു സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മുൻ എംഎൽഎയുമായ മാത്യു സ്റ്റീഫൻ പറഞ്ഞു.
മാർച്ച് കർണാടക സ്റ്റേറ്റ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചുക്കി നഞ്ജുണ്ട സ്വാമി ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീഷണിക്കു പരിഹാരം ആവശ്യപ്പെട്ട് 2023 നവംബർ ഒന്നിന് ആരംഭിച്ച മുല്ലപ്പെരിയാർ ജീവൻരക്ഷാ പ്രചാരണ കാന്പയിൻ ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സമരപ്രചാരണ കാന്പയിൻ നടത്തി.
പ്രമുഖ ഗാന്ധിയൻ തോമസ് കുഴിഞ്ഞാലിൽ ഉപവാസസമരം നടത്തി വരികയാണ്. പ്രധാനമന്ത്രിക്കു സമർപ്പിക്കാൻ ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണവും നടന്നു വരികയാണ്. തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടു പോകുന്നതിനുള്ള ടണൽ നിർമിക്കുന്നതിനുള്ള സർവേയ്ക്കോ ഡാമിന്റെ അറ്റകുറ്റപ്പണികൾക്കോ ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്താത്തത് ഇടുക്കി ജില്ലയിലെ ജനങ്ങളോടു കാട്ടുന്ന അവഗണനയ്ക്ക് ഉദാഹരണമാണെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.