ദീർഘകാല വൈദ്യുതി കരാറിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഇല്ലായിരുന്നു: മുഖ്യമന്ത്രി
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ദീർഘകാല വൈദ്യുതി കരാർ നടപ്പാക്കുന്നതിനു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഇല്ലായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2011-ലെ യുഡിഎഫ് സർക്കാരാണു ദീർഘകാല കരാറിൽ ഏർപ്പെടാൻ ഉത്തരവിറക്കിയത്. 2016ൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ നിയമവിരുദ്ധമായിരുന്നിട്ടും കരാർ തുടർന്നു.
കരാർ പ്രകാരമുള്ള വൈദ്യുതി കേരളത്തിനു ലഭിച്ചു കൊണ്ടിരുന്നതാണ് അതിനു കാരണം. കരാരിൽ നിന്നു പിന്മാറിയിരുന്നെങ്കിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമായിരുന്നു. ഇപ്പോൾ കരാർ റദ്ദാക്കിയതു സർക്കാരല്ല, റെഗുലേറ്ററി കമ്മിഷനാണ്. ഇതിനെതിരേ മന്ത്രിസഭ കടുത്ത നിലപാട് എടുത്തു. കമ്മീഷന്റെ ഉത്തരവിനെതിരേ സർക്കാർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.