സ്വകാര്യ സർവകലാശാലാ ബില്ലിന് മന്ത്രിസഭാനുമതി
Tuesday, February 11, 2025 6:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ യാഥാർഥ്യമാകുന്നു. സ്വകാര്യ സർവകലാശാല കരട് ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽത്തന്നെ ബിൽ അവതരിപ്പിച്ചു പാസാക്കാനാണ് തീരുമാനമെന്നാണ് വിവരം. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നത്തെ പിഎസി യോഗത്തിൽ ഉണ്ടായേക്കും.
സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്കായുള്ള വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് നിർണായകമായ സ്വകാര്യ സർവകലാശാല കരട് ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. സിപിഐയുടെ എതിർപ്പിനെത്തുടർന്നാണ് വിസിറ്റർ തസ്തിക ഒഴിവാക്കിയത്.
കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളിലും ബിൽ ചർച്ചയ്ക്കെത്തിയെങ്കിലും സിപിഐയുടെ എതിർപ്പിനെ ത്തുടർന്ന് അംഗീകാരം നൽകുന്നത് മാറ്റിവയ്ക്കുകയായിരുന്നു. സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നല്കുന്നതിനു മുന്‍പ് അക്കാര്യത്തിൽ കൂടുതൽ പഠനം വേണമെന്ന് സിപിഐ പ്രതിനിധികളായ മന്ത്രിമാർ നിലപാട് സ്വീകരിച്ചതിനെത്തുടർന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിൽ ബിൽ പരിഗണിക്കാതിരുന്നത്.
ഫീസിൽ സർക്കാരിന് നിയന്ത്രണമില്ല
ബിൽ നിയമമാകുന്നതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നിർദേശങ്ങൾക്ക് വിധേയമായി കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കും. ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയാറാക്കിയത്.
അതേസമയം, സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരങ്ങൾ ഉണ്ടാകും. നിയമം ലംഘിച്ചാൽ ആറ് മാസം മുന്‍പ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ ഉള്ള സ്വകാര്യ സർവകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല.
സർവകലാശാലയുടെ ഭരണ, സാന്പത്തികമോ ആയ വിവരങ്ങളും റിക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. സർവകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതിപത്രം സർക്കാരിന് പിൻവലിക്കാം. മൊത്തം വിദ്യാർഥികളിൽ 40 ശതമാനം കേരളത്തിൽനിന്നുള്ളവരായിരിക്കണം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണം തുടങ്ങിയ നിർദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
പരാതി ലഭിച്ചാൽ സർക്കാരിന് അന്വേഷിക്കാം
ആക്ടിന് വിരുദ്ധമായി സർവകലാശാല പ്രവർത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാൽ രണ്ടു മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന് കാരണം കാണിക്കൽ നോട്ടീസ് നൽകാം.
വ്യവസ്ഥകളുടെ ലംഘനമുണ്ടായതായി ബോധ്യപ്പെട്ടാൽ അന്വേഷണത്തിന് സർക്കാരിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സർക്കാരിന് നിയമിക്കാം. സർവകലാശാലയുടെ ഗവേണിംഗ് കൗണ്‍സിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണൻ എന്നിവർ അംഗങ്ങൾ ആകും.
അക്കാദമിക് കൗണ്‍സിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ് പ്രഫസർ പദവിയിൽ താഴെയല്ലാത്ത മൂന്നുപേരും അംഗങ്ങളായി ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.