വീടിനു തടസമായാൽ നടപടി: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത കുടുംബത്തിനു വീട് വയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെന്റും നഗരത്തിൽ അഞ്ച് സെന്റും സ്ഥലത്തിന് അനുമതി നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതപ്പെട്ടവർക്ക് അനുമതി നൽകാൻ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കും.
സ്വന്തമായി ഭൂമിയുണ്ടായിട്ടും വീട് നിർമിക്കാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസവാദങ്ങളും സാധാരണക്കാർ നേരിടുന്ന പ്രശ്നമാണെന്നും ടി.ഐ. മധുസൂദനന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നെൽവയൽ തണ്ണീർത്തട നിയമത്തിലെ 2018ലെ ഭേദഗതി പ്രകാരം ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലം ഇനത്തിൽപ്പെട്ട ഭൂമിയുടെ വിസ്തീർണം 10 സെന്റിൽ കവിഞ്ഞില്ലെങ്കിൽ 1291.67 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമാണത്തിന് ഭൂമി തരംമാറ്റം ആവശ്യമില്ല. ഇത്തരം ഭൂമിയിൽ വീട് നിർമിക്കാൻ തദ്ദേശ സ്ഥാപന പെർമിറ്റ് നൽകാൻ തടസവാദം ഉന്നയിക്കാനാകില്ല. ഇത്തരം അപേക്ഷകളിൽ വീട് നിർമാണത്തിനുള്ള പെർമിറ്റ് അനുവദിക്കാൻ ഭൂമി ബിടിആറിൽ നിലം എന്നു രേഖപ്പെടുത്തിയത് തടസമാവില്ലെന്ന് ഉറപ്പാക്കണം.
അഞ്ച് സെന്റ് വരെയുള്ള ഭൂമിയിൽ 430.56 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമാണത്തിനും തരംമാറ്റം വേണ്ട. കെട്ടിട നിർമാണ അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുന്പാകെ സമർപ്പിച്ചാൽ മതി. ഇത്തരം ഇളവ് ലഭ്യമാണെന്ന് അറിയാതെ തരം മാറ്റത്തിനായി അപേക്ഷകർ റവന്യൂ അധികൃതരെ ഇപ്പോഴും സമീപിക്കുന്നുണ്ട്. ഇത്തരം അപേക്ഷ പരിശോധിച്ച് ആനുകൂല്യം ലഭ്യമാണെന്ന കാര്യം അപേക്ഷകനെ കൃഷി, തദ്ദേശ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കണം.
അപേക്ഷ സ്വീകരിക്കാതെയും വസ്തുത മനസിലാക്കാതെയും ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം മൂലം നിരവധി പേരാണു വീട് പണിയാനായി ബുദ്ധിമുട്ടുന്നത്. ഉദ്യോഗസ്ഥതലത്തിലെ ഗുരുതര അനാസ്ഥയായി മാത്രമേ ഇതിനെ കാണാനാകൂ. ബന്ധപ്പെട്ട വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.