അമ്മയുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍
Tuesday, February 11, 2025 6:39 AM IST
ആലപ്പുഴ: ആളൊഴിഞ്ഞ പറമ്പിൽ അന്‍പതുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ആലപ്പുഴ പുന്നപ്ര സ്വദേശി ദിനേശ് (60) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ വനിതാ സുഹൃത്തിന്റെ മകൻ കിരണി (28) നെ പോലീസ് അറസ്റ്റ് ചെയ്തു. ദിനേശിനെ കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.
വൈദ്യുതാഘാതമേൽക്കാൻ വീട്ടിൽ കെണിയൊരുക്കിയായിരുന്നു കൊലപാതകം. കൊലപാതകം അറിഞ്ഞിട്ടും മൂടിവച്ചതിന് കിരണിന്റെ അച്ഛന് കൈതവളപ്പ് കുഞ്ഞുമോനെയും അമ്മ അശ്വമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്തു കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി കഴിയുന്ന ദിനേശന് ലോഡ്ജിലാണ് താമസിച്ചിരുന്നത്. ദിനേശന് ഇടയ്ക്ക് കിരണിന്റെ വീട്ടിലെത്തുമായിരുന്നു. കിരണിന്റെ അമ്മയുമായി സൗഹൃദമുണ്ടായിരുന്ന ദിനേശന്, വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കിരണ്‍ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇതു വകവയ്ക്കാതെ ദിനേശന് വീണ്ടും ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഷോക്കേറ്റ് മരിച്ച ദിനേശനെ അച്ഛനും മകനും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മരിച്ചെന്ന് ഉറപ്പാക്കാന്‍ കിരണ്‍ വീണ്ടും വൈദ്യുതാഘാതമേല്‍പ്പിച്ചു. കൈക്കും കഴുത്തിനും അരയ്ക്കു താഴെയും കരിഞ്ഞ പാടുകളുണ്ട്.
ശനിയാഴ്ച വൈകുന്നേരമാണ് ദിനേശനെ മരിച്ചനിലയില്‍ കണ്ടത്. ശനിയാഴ്ച രാവിലെ വയലില്‍ ചൂണ്ടയിടാനെത്തിയ കുട്ടി ദിനേശന് കിടക്കുന്നത് കണ്ടിരുന്നു. വീട്ടിലെത്തി വിവരം പറഞ്ഞെങ്കിലും മദ്യപിച്ച് കിടക്കുകയായിരിക്കും എന്നാണു കരുതിയത്. എന്നാല്‍, വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പഞ്ചായത്തംഗം രജിത് രമേശനെ അറിയിച്ചു. ഇദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുന്നപ്ര പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ദിനേശന് മരിച്ചതായി അറിയുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വൈദ്യുതാഘാതമാണു മരണകാരണമെന്ന് അറിഞ്ഞത്.
ദിനേശന്റെ മരണാനന്തര ചടങ്ങില്‍ കിരണ്‍ സജീവമായിരുന്നു. ഷോക്കേറ്റാണു മരിച്ചതെന്ന് വ്യക്തമായതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ വൈദ്യുതാഘാതമേല്ക്കേണ്ട ചുറ്റുപാടിലല്ല മൃതദേഹം കിടന്നത്. തുടര്‍ന്നാണ് പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വീടുകളില്‍ നടത്തിയ പരിശോധനയിലാണ് കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്നു വെള്ളിയാഴ്ച രാത്രിയില്‍ അധിക വൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.