ട്രോളല്ല, ടോൾ വരും
സ്വന്തം ലേഖകൻ
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിവുണ്ടാകുമെന്ന പരോക്ഷ സൂചന നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്നവ വരുമാനദായകമാകണമെന്നു കെ.എൻ. ബാലഗോപാൽ പറഞ്ഞു. ടോളിന്റെ പേരു പറഞ്ഞു ജനങ്ങളെ ആശങ്കപ്പെടുത്തേണ്ടതില്ല. ദേശീയപാത അഥോറിറ്റി എല്ലാ റോഡുകൾക്കും ടോൾ മേടിച്ചാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഇരട്ട നികുതി ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ ആരോപിച്ചു.
പെട്രോളിനും ഡീസലിനും സെസും മോട്ടോർ വാഹനങ്ങൾക്ക് അധിക നികുതിയും നൽകുന്ന ജനം റോഡിലിറങ്ങാൻ സെസ് കൂടി നൽകണമെന്നു പറയുന്നത് ഇരട്ടി നികുതിയല്ല, ട്രിപ്പിൾ ടാക്സ് ഈടാക്കുന്നതിനു തുല്യമാണെന്നു വി.ഡി. സതീശൻ പറഞ്ഞു. കിഫ്ബി ഓഡിറ്റ് ചെയ്താൽ വെള്ളാനയാണെന്നു വ്യക്തമാകും. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ചാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നത്. സർക്കാർ ഖജനാവിൽ നിന്ന് 20,000 കോടി രൂപയാണ് കിഫ്ബിയ്ക്ക് കൊടുത്തത്. കിഫ്ബി പദ്ധതിയിൽ നിന്ന് മൂന്നു ശതമാനം തുക മാത്രമാണ് പട്ടികജാതി വിഭാഗത്തിനായി ചെലവഴിച്ചത്.
പ്ലാൻ ഫണ്ടിൽ ചെലവഴിക്കേണ്ട തുകയെടുത്തു പദ്ധതികൾക്കു നൽകുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാർ നയമാണ് കേരളവും നടപ്പാക്കുന്നത്. വിരമിച്ച സ്വന്തക്കാരായ ഉദ്യോഗസ്ഥർക്ക് കിഫ്ബിയിൽ നിയമനം നൽകി ലക്ഷക്കണക്കിനു രൂപയാണ് ശന്പള ഇനത്തിൽ നൽകുന്നത്. ഇവരുടെ ശന്പളം ഇടയ്ക്കിടെ വർധിപ്പിക്കാൻ സർക്കാർ വലിയ ഉത്സാഹമാണ്. ഇതിനൊപ്പം സർക്കാർ ജീവനക്കാരുടെ ശന്പളം വർധിപ്പിക്കാൻ സർക്കാർ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിഷയം ചർച്ചയ്ക്കെടുക്കാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
സർക്കാരിന്റെ ധൂർത്ത്, അഴിമതി, പിൻവാതിൽ നിയമനം എന്നിവയുടെ കേന്ദ്രമായി കിഫ്ബി മാറിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച റോജി എം. ജോണ് ആരോപിച്ചു. കിഫ്ബി കടമെടുപ്പു ജനങ്ങളുടെ ബാധ്യതയായി മാറി. മലയോര- തീരദേശ റോഡുകൾ നിർമിക്കുക വഴി കർഷകരിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും ടോൾ ഈടാക്കി കൊള്ളയടിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും റോജി ആരോപിച്ചു.