വഴിയടച്ച് സമ്മേളനങ്ങള്‍ : പോലീസിന്റെ മാപ്പപേക്ഷയില്‍ ഹൈക്കോടതിക്ക് അതൃപ്തി
Tuesday, February 11, 2025 6:10 AM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിലടക്കം ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച നിരുപാധിക മാപ്പപേക്ഷയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു പറയാവുന്ന സ്ഥിതിയല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നാഴ്ചയ്ക്കകം അധികസത്യവാങ്മൂലം സമര്‍പ്പിക്കണം. ചീഫ് സെക്രട്ടറിയും കേസിലെ കക്ഷികളായ രാഷ്ട്രീയക്കാരും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മരട് സ്വദേശി എന്‍. പ്രകാശിന്റെ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
വഞ്ചിയൂരിലെ സിപിഎം സമ്മേളനം, സെക്രട്ടേറിയറ്റിനു മുന്നിലെ ജോയിന്റ് കൗണ്‍സില്‍ ധര്‍ണ, ബാലരാമപുരത്തെ ജ്വാല വനിതാ ജംഗ്ഷന് പരിപാടി, കൊച്ചി കോര്‍പറേഷനു മുന്നിലെ കോണ്‍ഗ്രസ് ധര്‍ണ എന്നിവയാണ് കേസിനു കാരണമായത്. രാഷ്ട്രീയനേതാക്കളും പോലീസ് ഉന്നതരുമടക്കം 16 പേര് ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരായി.
സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്, ജയചന്ദ്രന് കല്ലിങ്കല്‍ (ജോയിന്റ് കൗണ്‍സില്‍), സിപിഎം നേതാക്കളായ എം. വിജയകുമാര്‍, വി. ജോയ്, കടകംപള്ളി സുരേന്ദ്രന്, വി.കെ. പ്രശാന്ത്, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷന്, ടി.ജെ. വിനോദ്, ഐപിഎസ് ഉദ്യോഗസ്ഥരായ ജി. സ്പര്‍ജന്‍കുമാര്‍, പുട്ട വിമലാദിത്യ, കിരണ്‍ നാരായണന് എന്നിവരാണു ഹാജരായത്.
ഉദ്യോഗസ്ഥര്‍ നിരുപാധിക മാപ്പപേക്ഷ നല്കിയ സാഹചര്യത്തില്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. എന്നാല്‍ കേവലം മാപ്പപേക്ഷകൊണ്ടു കാര്യമില്ലെന്നും ഉള്ളടക്കം തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.
നിയമലംഘനം ഇനി അനുവദിക്കില്ലെന്നു പറയാന്‍ പോലീസിനാകുന്നില്ല. ബാലരാമപുരത്തെ സമ്മേളനത്തെ ന്യായീകരിക്കുന്ന വിധമാണ് അതില്‍ പങ്കെടുത്ത മുന്‍ റൂറല്‍ എസ്പിയുടെ സത്യവാങ്മൂലമെന്നും കോടതി വിമര്‍ശിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നാളെ വൈകുന്നേരം നാലിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി തൃശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ ഗോവിന്ദന് ഒരു തവണ ഒഴിവ് ചോദിക്കുകയായിരുന്നു. ഇന്നലെ ഹാജരായവര്‍ ഇനി നേരിട്ട് എത്തേണ്ടതില്ല. ചീഫ് സെക്രട്ടറിയും ഡിജിപിയും കേസിൽ കക്ഷികളാണെങ്കിലും നേരില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.
പോലീസിന്റെ സര്ക്കുലര്കൊണ്ടു മാത്രം കാര്യമില്ലെന്ന് കോടതി
സമ്മേളനങ്ങള്‍ നടത്താനും പ്രതിഷേധിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. അത് പൊതുനിരത്ത് കൈയേറാനുള്ള ലൈസന്‍സല്ല. ഫുട്പാത്തുകളില്‍ യോഗങ്ങള്‍ നടക്കുമ്പോള്‍ കാല്‍നടക്കാര്‍ സുരക്ഷിതമല്ലാത്ത മാര്‍ഗം സ്വീകരിക്കേണ്ടിവരുന്നു. അപകടങ്ങള്‍ പെരുകുന്ന ഇക്കാലത്ത് കാഴ്ചപരിമിതര്‍ ഉള്‍പ്പെടെ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. പോലീസിന്റെ സര്ക്കുലര്കൊണ്ടു മാത്രം കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.