പാന്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം സഹായം
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നു സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്തനിവാരണ അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമ രൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
പാന്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു . പാന്പ് കടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നൽകും. വന്യമൃഗ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ/വളപ്പിലെ മതിൽ/വേലികൾ/ഉണക്കുന്ന അറകൾ/എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്കു നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്ഡിആർഎഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
വനം വകുപ്പിൽ സംസ്ഥാനതലത്തിലും ഡിവിഷൻ തലത്തിലും കണ്ട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3.72 കോടി രൂപയ്ക്കുള്ള നിർദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാന്റാണ്. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെന്റർ, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.