പട്ടയം നൽകുന്നതിനുള്ള വിലക്ക് നീക്കാൻ നടപടി വേണം: പി.ജെ. ജോസഫ്
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: പതിനായിരക്കണക്കിനാളുകൾക്കു പട്ടയം ലഭിക്കാനുള്ളപ്പോഴും ഈ വർഷത്തെ ബജറ്റിൽ പട്ടയം എന്ന വാക്കു പോലുമില്ലെന്നു പി.ജെ. ജോസഫ്. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉടുന്പഞ്ചോല താലൂക്കിൽ പെട്ട കാർഡമം ഹിൽ റിസർവ് വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കത്തത്തുടർന്നു സുപ്രീംകോടതി പട്ടയവിതരണത്തിനു താത്കാലിക സ്റ്റേ നൽകിയിരിക്കുകയാണ്. വനഭൂമിയാണെന്നു വനംവകുപ്പും റവന്യുഭൂമിയാണെു ചീഫ് സെക്രട്ടറിയും നിലപാടെടുത്ത അസാധാരണ സാഹചര്യം നിലനിൽക്കുകയാണ്.
സ്റ്റേ നീക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണം. ആന ചവിട്ടി കൊലപ്പെടുത്തിയവർക്കു പത്തു ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും അഞ്ചു ലക്ഷം രൂപ മാത്രമാണു നൽകിയത്. പ്രഖ്യാപിച്ച തുകയെങ്കിലും നൽകാൻ തയാറാകണം. ജനവാസകേന്ദ്രങ്ങളിലേക്ക് ആന ഇറങ്ങുതു തടയാൻ മുഴുനീള വേലി കെട്ടണം. തന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നു പത്തു ലക്ഷം രൂപ നൽകാൻ എഴുതി നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല.
കാർബണ്‍ ഫ്രീ സംസ്ഥാനമാക്കുമെന്നു പ്രഖ്യാപിച്ച ശേഷം ഇലക്ട്രിക് വാഹനങ്ങൾക്കു നികുതി വർധിപ്പിച്ചത് ശരിയല്ല. ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചതിനു ശേഷം പിന്നീടു വെട്ടിക്കുറയ്ക്കുന്ന സർക്കാർ സമീപനം നീതീകരിക്കാനാകില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.