സിൽവർ ലൈൻ: വന്ദേഭാരതിനായി അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ-റെയിൽ
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: വന്ദേഭാരതിനും മറ്റു ചരക്ക് ട്രെയിനുകൾക്കുമായി സിൽവർ ലൈൻ അലൈൻമെന്റിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കെ-റെയിൽ. എന്നാൽ റെയിൽവേ ഭൂമി കൈമാറുന്നതാണു പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താൻ തയാറാണെന്നും കേന്ദ്ര റെയിൽവേ ബോർഡിന് അയച്ച കത്തിൽ കെ-റെയിൽ വ്യക്തമാക്കി.
വന്ദേഭാരതിനും ചരക്ക് ട്രെയിനുകൾക്കുമായി ബ്രോഡ്ഗേജാക്കി മാറ്റണമെന്ന കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കെ-റെയിൽ കത്തയച്ചത്.
അതിവേഗ ട്രെയിനുകൾക്ക് പ്രത്യേക പാതതന്നെ വേണമെന്നും വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയുംവിധം അലൈൻമെന്റിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കെ-റെയിൽ കത്തിൽ വ്യക്തമാക്കി. അതിവേഗ ട്രെയിനിനുവേണ്ടി സിൽവർ ലൈൻ ഡിപിആർ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.റെയിൽവേ ഭൂമി ഒഴിവാക്കി സിൽവർലൈൻ അലൈൻമെന്റ് മാറ്റത്തിനു തയാറാണെന്നും കെ-റെയിൽ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാരിസ്ഥിതിക-സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ അതു പരിഹരിക്കാമെന്നും അതിവേഗ പാതയായി സിൽവർ ലൈൻ നിലനിർത്തണമെന്നും കെ- റെയിൽ നിലപാട് അറിയിച്ചു.