മസ്തിഷ്ക മരണ നിര്‍ണയം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി
Tuesday, February 11, 2025 5:27 AM IST
കൊച്ചി: മസ്തിഷ്ക മരണ നിര്‍ണയം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മസ്തിഷ്ക മരണ നിര്‍ണയം ഇന്ത്യയില്‍ നിയമവിധേയമായതിനാല്‍ കോടതിക്ക് പുനഃപരിശോധിക്കാനാകില്ല.
കൃത്യമായ മെഡിക്കല്‍ പ്രക്രിയയിലൂടെയാണു മസ്തിഷ്ക മരണം നിര്‍ണയിക്കുന്നതെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണു ഹര്‍ജി നല്‍കിയത്. തലച്ചോറിന്റെ മരണം സ്ഥിരീകരിക്കുന്നത് അശാസ്ത്രീയമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഭരണഘടന നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണു മസ്തഷ്ക മരണ നിര്‍ണയമെന്നും ഹര്ജിക്കാരൻ വാദിച്ചു.
അതേസമയം, മസ്തിഷ്കമരണം ശാസ്ത്രീയമാണെന്നായിരുന്നു കേസില്‍ കക്ഷിചേര്‍ന്ന ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എച്ച്.വി. ഈശ്വറിന്റെ നിലപാട്. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചശേഷമാണു പ്രഖ്യാപനമുണ്ടാകുക. ആശുപത്രി ഉപകരണങ്ങള്‍ വച്ച് ഇത്തരം രോഗികളുടെ ജീവന് അനന്തമായി നിലനിര്‍ത്തുന്നത് മറ്റു രോഗികളുടെ ചികിത്സാ അവസരം നഷ്ടപ്പെടുത്തുമെന്ന വാദവും അദ്ദേഹം ഉന്നയിച്ചു.
മെഡിക്കല്‍ ബോര്‍ഡ് പരിശോധനയടക്കം പല നടപടിക്രമങ്ങളും കടന്നാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്രിമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശ്വസനം നിലനിര്‍ത്തി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാനാകുമെന്നും പഠനങ്ങളുണ്ട്. ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകളും മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളുമടക്കം കോടതി പരിശോധിച്ചു.