സർക്കാർ കോളജുകളില്‍ എംഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ബോണ്ട്: ഉത്തരവ് റദ്ദാക്കി
Tuesday, February 11, 2025 6:39 AM IST
കൊച്ചി: ഗവ. കോളജുകളില്‍നിന്ന് എംഎസ്സി നഴ്സിംഗ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2024 ജൂലൈ 11ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ ബോണ്ട് നിര്‍ബന്ധമാക്കിയതും സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കുന്നതും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം നഴ്സിംഗ് വിദ്യാര്‍ഥികള്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ ഹര്‍ജിക്കാരുടെ ആവശ്യം സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണ് അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. 2022-23 ബാച്ച് മുതല്‍ എംഎസ്സി നഴ്സിംഗ് പാസാകുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു വര്‍ഷത്തെ സേവനത്തിന് ബോണ്ട് വയ്ക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത് നിയമപരമാണെന്നായിരുന്നു സിംഗിള്‍ബെഞ്ചിന്റെ വിലയിരുത്തല്‍. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നയമില്ലെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
നിര്‍ബന്ധിത സേവനം സര്‍ക്കാര്‍ നടപ്പാക്കാന്‍ ആഗ്രഹിച്ചാല്‍ വിദ്യാര്‍ഥികള്‍ അതു പാലിക്കമെന്നാണ് കോഴ്സിന്റെ പ്രോസ്പെക്ടസില്‍ പറയുന്നത്. എന്നാല്‍, ഇതില്‍ വ്യക്തതയില്ല. വ്യവസ്ഥകള്‍ ഉറച്ചതാകണമെന്നതാണ് നിയമവാഴ്ചയുടെ അടിസ്ഥാനം. നിയമപരമായ ഉറപ്പിന് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍, അഡ്മിഷന് രേഖകളില്‍ വ്യക്തത വരുത്താതെ കോഴ്സിന്റെ മധ്യത്തില്‍ ബോണ്ട് നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരമൊരു ബോണ്ടിന് സര്‍ക്കാരിന് നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.