പാതിവില തട്ടിപ്പ്: അനന്തുവിനു ഹരം ആഡംബരജീവിതം
Tuesday, February 11, 2025 6:10 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന് തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്കും ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളിൽനിന്നാണ് ഇതു വ്യക്തമാകുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെഞ്ചേഴ്സിന്റെ അക്കൗണ്ടിലേക്കു മാറ്റിയശേഷമാണ് ഇയാള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചത്.
വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.
എറണാകുളം പനമ്പിള്ളി നഗറിലുളള കോട്ടക് മഹീന്ദ്ര ബാങ്കില്‍ അനന്തു കൃഷ്ണന് നേരിട്ടു കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിന്റെ ഡിസംബറിലെ മാത്രം കണക്കുകൾ ഞെട്ടിക്കുന്നത്. ഡിസംബര്‍ ഒന്നിനും 31 നും ഇടയില്‍ അനന്തു വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്. ഡല്‍ഹി- കൊച്ചി റൂട്ടിലായിരുന്നു യാത്രകൾ. ആറു തവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. മറ്റാരെങ്കിലും ഡല്‍ഹിയിലേക്കുള്ള യാത്രകളില്‍ അനന്തുവിന് ഒപ്പമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
അനന്തുവിന്റെ ഡല്‍ഹിയിലെ താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു എന്നതിന്റെ തെളിവും ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഉണ്ട്. ഏറ്റവും കുറഞ്ഞ മുറിക്ക് 25,000 രൂപ വാടകയുള്ള ഹോട്ടലില്‍ ഡിസംബറിൽ നാലു ദിവസമെങ്കിലും താമസിച്ചു. ആകെ ചെലവായത് 3,66,183 രൂപ. ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ മാത്രം ഒരു ദിവസം 1,97,000 ചെലവിട്ടതായും രേഖകളിലുണ്ട്. കേരളത്തിലും ഒന്നിലേറെ തവണ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനായിരക്കണക്കിന് രൂപ അനന്തു ചെലവഴിച്ചതായാണ് കണക്കുകള്‍. ഏകദേശം 21 അക്കൗണ്ടുകള്‍ അനന്തു കൈകാര്യം ചെയ്തിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അനന്തു റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 വരെയാണു റിമാന്‍ഡ് ചെയ്തത്.
വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ അനന്തു കൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സൊസൈറ്റിയിലെ 1222 അംഗങ്ങളില്‍നിന്നായി സ്കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍നിന്നു തയ്യല്‍ മെഷീന് ഇനത്തില്‍ 11,31,000 രൂപയും ലാപ്ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന് എന്ന സ്ഥാപനത്തിന്റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയ പശ്ചാത്തലത്തില്‍ കസ്റ്റഡി കാലാവധി പോലീസ് നീട്ടി ചോദിച്ചില്ല. അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
പണം വാങ്ങിയിട്ടില്ലെന്ന് കുഴൽനാടൻ
തിരുവനന്തപുരം: പാതിവില തട്ടിപ്പു നടത്തിയ സംഭവത്തിലെ പ്രതിയായ അനന്തുകൃഷ്ണനിൽ നിന്നും ഡോ. മാത്യു കുഴൽനാടൻ എംഎൽഎ പണം വാങ്ങിയെന്ന റിപ്പോർട്ടർ ചാനൽ വാർത്തയ്ക്കെതിരേ മാത്യു രംഗത്ത്. ഏഴു ലക്ഷം രൂപ മാത്യു കുഴൽനാടന് നൽകിയെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയെന്ന റിപ്പോർട്ടർ ചാനലിലെ വാർത്തയ്ക്കെതിരേയാണ് എംഎൽഎ പത്രസമ്മേളനം വിളിച്ച് രംഗത്തെത്തിയത്. തനിക്കെതിരേ അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.
മാധ്യമപ്രവർത്തകന്റെ മേലങ്കി അണിഞ്ഞല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്നു പറഞ്ഞ മാത്യു രാജാവിനേക്കാൾ വലിയ രാജഭക്തി റിപ്പോർട്ടർ ടിവി കാണിക്കുന്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകുമെന്നും കൂട്ടിച്ചേർത്തു.
പണം നൽകിയിട്ടില്ലെന്ന് അനന്തു
മൂവാറ്റുപുഴ: മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് ഒരു രൂപപോലും താന്‍ നല്‍കിയിട്ടില്ലെന്ന് അനന്തു കൃഷ്ണന്. കസ്റ്റഡി കാലാവധി കഴിഞ്ഞ് മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് അനന്തു കൃഷ്ണന് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകരും ന്യായാധിപരും കേസിലുള്ളതിനാല്‍ തനിക്കു വധഭീഷണിയുണ്ടെന്നും അനന്തു പറഞ്ഞു.