പകുതിവില: തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്
Tuesday, February 11, 2025 6:10 AM IST
തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽമെഷീനും നൽകാമെന്നു പറഞ്ഞു സംസ്ഥാന വ്യാപകമായി തട്ടിപ്പു നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. സിഎസ്ആർ ഫണ്ട് തട്ടിപ്പ് അടക്കം 34 കേസുകളിൽ ക്രൈംബ്രാഞ്ചിലെ അന്വേഷണ യൂണിറ്റുകൾ, സാന്പത്തിക കുറ്റാന്വേഷണ വിഭാഗം, ക്രൈംബ്രാഞ്ച് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്, സൈബർ ഡിവിഷൻ എന്നീ വിഭാഗങ്ങൾ ചേർന്നാണ് അന്വേഷണം.
പകുതിവില സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ തട്ടിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ 34 പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി സംസ്ഥാന പോലീസ് മേധാവി ഉത്തരവിടുകയായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റ്- 2 എസ്പി എം.ജെ. സോജനാണ് അന്വേഷണ സംഘത്തലവൻ. എഡിജിപി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഓരോ ജില്ലയ്ക്കും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേകം അന്വേഷണ സംഘങ്ങളുണ്ടാകും.