ക്രൈസ്തവ സമൂഹം ഭാരതത്തിനു നൽകിയ സേവനം വിവരണാതീതം: ഡോ. സി.വി. ആനന്ദബോസ്
Tuesday, February 11, 2025 5:28 AM IST
തിരുവനന്തപുരം: ക്രൈസ്തവ സമൂഹം ലോകത്തിനും ഭാരതത്തിനും കേരളത്തിനും നൽകിയ സേവനം വിവരണാതീതമാണെന്നു പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. വേൾഡ് കൗണ്‍സിൽ ഓഫ് മലയാളി ക്രിസ്ത്യൻസിന്റെ (ഡബ്ല്യുസിഎംസി) റീജണൽ കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
വിദ്യാഭ്യാസത്തിന്റെയും ആതുര ശുശ്രൂഷയുടെയും മന്ന പൊഴിക്കുന്നവരാണ് ക്രിസ്ത്യാനികളെന്നും വിവിധ മതങ്ങളിൽ ഉള്ളവർ സഹകരിച്ച് വസിക്കുക ഭാരതത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സസ്മിത് പത്ര എംപി, ബിലീവേഴ്സ് ഈസ്റ്റ് ചർച്ച് പരമാധ്യക്ഷൻ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് .പി. തോമസ്, മലങ്കര കത്തോലിക്കാ സഭ വികാരി ജനറാൾ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, ഡബ്ല്യുസിഎംസി ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഷാജി .എസ്. രാമപുരം, ഗൾഫ് റീജിയൻ പ്രസിഡന്റും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി .കെ. യോഹാൻ, നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് .എം. പുളിവേലിൽ, ഡോ. മറിയ ഉമ്മൻ, റവ. എ.ആർ. നോബിൾ, ഷെവലിയാർ ഡോ. കോശി എം. ജോർജ് എന്നിവർ പ്രസംഗിച്ചു.