കോട്ടയം നഗരസഭാ തട്ടിപ്പ്: വിജിലൻസ് അന്വേഷണമെന്നു മന്ത്രി എം.ബി. രാജേഷ്
Tuesday, February 11, 2025 5:27 AM IST
തിരുവന്തപുരം: കോട്ടയം നഗരസഭയിലെ 200 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനു ശിപാർശ നൽകിയതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു.
വർഷങ്ങളായി നടക്കുന്ന ക്രമക്കേടെന്ന നിലയിലും ഒട്ടേറെ ജീവനക്കാരും മറ്റ് ഉത്തരവാദപ്പെട്ടവരും ഉൾപ്പെട്ട വിഷയമെന്ന നിലയിലും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ക്രമക്കേടിന്റെ വ്യാപ്തിയും ആഴവും കണ്ടെത്തുന്നതിനും ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനുമായി പോലീസ് വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഭരണ വകുപ്പും വിജിലൻസും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരേ കർശന നടപടിയെടുക്കും. കോട്ടയം നഗരസഭയിൽ ആഭ്യന്തര വിജിലൻസ് 2024 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേട് കണ്ടെത്തിയിരുന്നു.
തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശപ്രകാരം സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ, സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥ സംഘം കോട്ടയം നഗരസഭയിൽ ഫെബ്രുവരി നാലു മുതൽ ഏഴു വരെ പരിശോധന നടത്തി. ലഭ്യമായ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോട്ടയം നഗരസഭയിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നതായി ബോധ്യമായി. പരിശോധനാ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ മറുപടിയും രേഖകളും ലഭ്യമാക്കാൻ കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.