ബാറ്ററി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും: മന്ത്രി കെ. കൃഷ്ണൻ കുട്ടി
Tuesday, February 11, 2025 5:27 AM IST
തിരുവനന്തപുരം: ഗാർഹിക സോളാർ പ്ലാന്റുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ കേന്ദ്രീകൃത സ്റ്റോറേജിനായി ബാറ്ററി സ്റ്റോറേജ് സിസ്റ്റം (ബിഇഎസ്എസ്) സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
ആയിരം മെഗാവാട്ട് ശേഷിവരുന്ന നിലയങ്ങൾ സ്ഥാപിക്കുന്നതിനു ടെണ്ടർ കെഎസ്ഇബിഎൽ ക്ഷണിച്ചിട്ടുണ്ട്. സ്റ്റോറേജ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ പകൽ സമയത്തു ഗാർഹിക സോളാർ ഉൾപ്പെടെയുള്ള സൗരോർജ വൈദ്യുതി സംഭരിച്ചു വൈദ്യുത ആവശ്യകത കൂടുതലായ പീക്ക് സമയത്ത് ഉപയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗിനായി അനെർട്ടിന്റെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതായി മന്ത്രി പറഞ്ഞു. ദേശീയപാത, എംസി റോഡ്, മറ്റു സംസ്ഥാനപാതകളിലും ഓരോ 25 കിലോമീറ്ററിലും ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ എന്ന രീതിയിൽ സ്ഥാപിക്കാനാണു തീരുമാനം. ഹോട്ടലുകളിലും മാളുകളിലും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്സിഡിയും നൽകുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തതെന്നും മന്ത്രി പറഞ്ഞു.