ഇടുക്കി കൊന്പൻപാറയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
സാന്റോ മണിയിലയിൽ
Tuesday, February 11, 2025 6:10 AM IST
മുണ്ടക്കയം ഈസ്റ്റ് : കുളിക്കാൻപോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി ജില്ലയിലെ പെരുവന്താനം ചെന്നാപ്പാറ കൊമ്പൻപാറ ഭാഗത്ത് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
വീടിനു സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരമായിട്ടും അമ്മയെ കാണാഞ്ഞതിനെത്തുടർന്ന് മകൻ അന്വേഷിച്ചുചെന്നപ്പോൾ അരുവിക്കു സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ സോഫിയയെ കാണപ്പെടുകയായിരുന്നു. ആന അലറി ചിന്നം വിളിക്കുന്ന ശബ്ദവും കേട്ടു. ഇതിനുസമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഏറെ വൈകിയാണ് നാട്ടുകാർക്ക് സോഫിയയുടെ മൃതദേഹത്തിന ടു ത്തെത്താൻ സാധിച്ചത്.
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചതോടെ മേഖലയിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടർ അടക്കമുള്ള ഉന്നതാധികാരികൾ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഇതിനാൽ രാത്രി ഏറെ വൈകിയും മൃതദേഹം ഇവിടെനിന്നു നീക്കാൻ സാധിച്ചിട്ടില്ല. നാട്ടുകാരെ അനുനയിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല.
തഹസീൽദാരെ സ്ഥലത്തെത്തിച്ച് നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വീണ്ടും ആനയുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ആഴികൂട്ടി കാവലിരിക്കുകയാണ് നാട്ടുകാർ. സോഫിയയുടെ ഭർത്താവ് ഇസ്മായിൽ മേസ്തിരിപ്പണിക്കാരനാണ്. മക്കൾ: ഷെയ്ക്ക് മുഹമ്മദ്, ആമിന. ചെന്നാപ്പാറ മേഖലയിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമാണ്. നിരവധി തവണയാണ് തൊഴിലാളികൾക്കുനേരേ ഇവിടെ വന്യജീവി ആക്രമണമുണ്ടായിട്ടുള്ളത്. പ്രദേശത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യവും വനം വകുപ്പ് മുന്പ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ഇടുക്കി ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ആറിന് കാന്തല്ലൂർ ചമ്പക്കാട് കുടി സ്വദേശി വിമല് എന്ന വിമലനെ (57) കാട്ടാന കൊലപ്പെടുത്തിയിരുന്നു.
കാട്ടാന ആക്രമണം തൊഴിലാളിക്ക് ഗുരുതര പരിക്ക്
കാലടി: കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. അയ്യമ്പുഴ സ്വദേശി കോഷ്ണായി പ്രസാദി(50) നാണു പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30 ന് കല്ലാല എസ്റ്റേറ്റ് ഇ ഡിവിഷൻ പതിമൂന്നാം ബ്ലോക്കിലായിരുന്നു സംഭവം. കശുമാവിൻ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ തുരത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പിന്നിൽനിന്നെത്തിയ ആന പ്രസാദിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാരിയെല്ലുകൾക്കു ഗുരുതര പരിക്കേറ്റ പ്രസാദിനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.