പേവിഷബാധയേറ്റ് വിദ്യാർഥി മരിച്ചു
Tuesday, February 11, 2025 6:10 AM IST
ചാരുംമൂട്(ആലപ്പുഴ): പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാരുംമൂട് പേരൂർക്കാരാണ്മ സബിതാ നിവാസിൽ ബിനിൽ - ഷീജ ദമ്പതികളുടെ മകൻ സാവൻ ബി. കൃഷ്ണ (9)യാണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. പറയംകുളത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. മൂന്നു മാസം മുമ്പ് സൈക്കിളിൽ വരുമ്പോൾ വിദ്യാർഥിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്തു.
കുട്ടിക്ക് നായ കടിച്ചതിന്റെ യാതൊരു പാടുകളുമില്ലായിരുന്നു. സംഭവം വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് കുട്ടിക്ക് പനിയും വിറയലുമുണ്ടായതോടെ അടൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നഖമോ മറ്റോ ശരീരത്ത് കൊണ്ടതാകാമെന്നാണ് നിഗമനം.