കേരള ബജറ്റ് : ഭാരം താങ്ങാൻ ഭൂമിയും കേസും ,ക്ഷേമാശ്വാസമില്ല ,366 കോടിയുടെ അധികബാധ്യത
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകളിൽ വർധന വരുത്താതെയും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കാതെയും കാര്യമായ ക്ഷേമ, ആശ്വാസ പ്രഖ്യാപനങ്ങളില്ലാതെയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടുത്ത സാന്പത്തികവർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 366 കോടി രൂപയുടെ അധിക സാന്പത്തിക ബാധ്യത ബജറ്റിലൂടെ ഏർപ്പെടുത്തും. ഭൂനികുതിയിൽ 50 ശതമാനം വർധന പ്രഖ്യാപിച്ചു. ഇതിലൂടെ സർക്കാരിന് 100 കോടി രൂപയുടെ അധികവരുമാനം ലഭിക്കും.
കോടതി ഫീസുകൾ കുത്തനെ കൂട്ടും
വിവിധ കോടതി ഫീസുകൾ വർധിപ്പിച്ച് 150 കോടി രൂപയും സമാഹരിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ നികുതിയും വർധിപ്പിച്ചു.
സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഈ മാസം നൽകും. ജീവനക്കാരുടെ ശന്പളപരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു ഈ സാന്പത്തികവർഷം തന്നെ അനുവദിക്കും. അവ പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് നടപ്പു സാന്പത്തികവർഷം ഒഴിവാക്കി നൽകും. ദിവസവേതന കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കൊന്നും പ്രത്യേക ആനുകൂല്യങ്ങളില്ല. പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമില്ല. ആകെ 1,52,352 കോടി രൂപ റവന്യുവരുമാനവും 1,79,476 കോടി രൂപ റവന്യു ചെലവുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 27,125 കോടി രൂപയുടെ റവന്യു കമ്മിയും 45,039 കോടി രൂപയുടെ ധനകമ്മിയുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. റവന്യു വരുമാനത്തിൽ 19,422 കോടി രൂപയുടെ വർധന പ്രതീക്ഷിക്കുന്നു. തനതു നികുതി വരുമാനത്തിൽ 9,888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1,240 കോടി രൂപയുടെയും വർധനയാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്.
സാന്പത്തികവളർച്ച 6.5%
തിരുവനന്തപുരം: 2023-24 സാന്പത്തികവർഷം കേരളം 6.5 ശതമാനം വളർച്ച നേടി. മുൻ വർഷം വളർച്ച 4.2 ശതമാനമായിരുന്നു. കേരളത്തിന്റെ ആളോഹരി വരുമാനം 5.5 ശതമാനം വളർച്ച കൈവരിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്.
സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനം മുൻ വർഷത്തേക്കാൾ 6.2 ശതമാനം കുറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലുണ്ടായ 26 ശതമാനത്തിന്റെ കുറവിനെത്തുടർന്നാണിത്. എന്നാൽ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിൽ നാലു ശതമാനം വളർച്ച നേടി. സ്വന്തം നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.21 ശതമാനവും വളർച്ച കൈവരിച്ചു.
മൊത്തം ആഭ്യന്തരവരുമാനത്തിൽ വിവിധ മേഖലകളുടെ വിഹിതം പരിഗണിക്കുന്പോൾ കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക മേഖലയുടെയും ഉത്പാദന-നിർമാണ മേഖലകൾ ഉൾപ്പെടുന്ന ദ്വിതീയ മേഖലയുടെയും വിഹിതം ക്രമമായി കുറഞ്ഞുവരുന്നതു കാണാം. കേരളത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ മൂന്നിൽ രണ്ടോളം സംഭാവന ചെയ്യുന്നത് സേവനമേഖലയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കാർഷിക മേഖലയുടെ വിഹിതം 8.76 ശതമാനമാണ്്. മുൻവർഷം ഇത് ഒന്പതു ശതമാനമായിരുന്നു. വ്യവസായ മേഖലയുടെ വിഹിതം തലേവർഷത്തെ 27.78 ശതമാനത്തിൽനിന്ന് 26.97 ശതമാനമായി കുറഞ്ഞു. സേവന മേഖലയുടെ വിഹിതം 63.22 ശതമാനത്തിൽനിന്ന് കഴിഞ്ഞ സാന്പത്തിക വർഷം 64.25 ശതമാനമായി വർധിച്ചു.
ഭൂനികുതി 50% വർധിക്കും
തിരുവനന്തപുരം: ഭൂ നികുതി കുത്തനെ ഉയർത്തി ബജറ്റ് പ്രഖ്യാപനം. അടിസ്ഥാന ഭൂ നികുതി സ്ലാബുകളിൽ 50 ശതമാനം വർധനയാണ് വരുത്തിയത്. ജനങ്ങൾക്ക് വലിയ അധിക ബാധ്യത സൃഷ്ടിക്കുന്നതാണ് ഭൂ നികുതി വർധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം.
കോർപറേഷൻ പരിധിയിൽ 1.62 ആർ വരെ (ഒരു ആർ 2.47 സെന്റ് സ്ഥലമാണ്) ഭൂമിയുള്ളവർ ഒരു ആറിന് വർഷം 20 രൂപ വീതം നൽകിയിരുന്നത് അടുത്ത ഏപ്രിൽ ഒന്നു മുതൽ 30 രൂപ വീതം നൽകണം. നാല് സെന്റിന് മുകളിൽ ആർ ഒന്നിന് പ്രതിവർഷം 30 രൂപ വീതം നൽകിയിരുന്നവർ ഏപ്രിൽ മുതൽ 45 രൂപ വീതം നൽകണം.
ഭൂ നികുതി വർധന വഴി പ്രതിവർഷം 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
1998ൽ വരുത്തിയ വർധനവിൽ ഏറ്റവും കുറഞ്ഞ നിരക്ക് പഞ്ചായത്തിൽ 20 ആർവരെ ഒരു ആറിന് 50 പൈസയാക്കി. അതാണ് ഇപ്പോൾ 8.1 ആർ വരെ ഏഴര രൂപയാക്കിയിരിക്കുന്നത്.
20 ആറിന് മുകളിലാണെങ്കിൽ ഒരു രൂപയായിരുന്നു 1998ലെ നിരക്ക്. ഇപ്പോൾ 8.1 ആറിനു മുകളിൽ 12 രൂപവരെയായി. ഇത്തരത്തിൽ മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമെല്ലാം നിരക്ക് വർധിച്ചിട്ടുണ്ട്.
ഭൂനികുതി വർധന 1998 മുതൽ
1998-2012
പഞ്ചായത്ത് -20 ആർ വരെ ആറിന് 50 പൈസ, 20 ആറിനു മുകളിൽ ആറിന് ഒരു രൂപ
മുനിസിപ്പാലിറ്റി -ആറ് ആർ വരെ ആറിന് ഒരു രൂപ, ആറ് ആറിനു മുകളിൽ ആറിന് രണ്ടു രൂപ
കോർപറേഷൻ - രണ്ട് ആർ വരെ ആറിന് രണ്ടു രൂപ,രണ്ട് ആറിനു മുകളിൽ ആറിന് നാലു രൂപ
2012-14
പഞ്ചായത്ത് -20 ആർ വരെ ആറിന് ഒരു രൂപ, 20 ആറിനു മുകളിൽ ആറിന് രണ്ടു രൂപ
മുനിസിപ്പാലിറ്റി -ആറ് ആർ വരെ ആറിന് രണ്ടു രൂപ,
ആറ് ആറിനു മുകളിൽ ആറിന് നാലു രൂപ
കോർപറേഷൻ - രണ്ട് ആർ വരെ ആറിന് നാലു രൂപ, രണ്ട് ആറിനു മുകളിൽ ആറിന് എട്ടു രൂപ
2014-18
പഞ്ചായത്ത് -എട്ട് ആർവരെ ആറിന് ഒരു രൂപ, രണ്ടു ഹെക്ടർവരെ ആറിന് രണ്ടു രൂപ, രണ്ടു ഹെക്ടറിനു മുകളിൽ 400ഉം രണ്ടു ഹെക്ടർ കഴിഞ്ഞുള്ള ഓരോ ആറിനും അഞ്ച് രൂപ വീതവും
മുനിസിപ്പാലിറ്റി -മൂന്ന് ആർ വരെ ആറിന് രണ്ടു രൂപ, രണ്ടു ഹെക്ടർ വരെ ആറിന് നാലു രൂപ, രണ്ടു ഹെക്ടറിനു മുകളിൽ 800ഉം രണ്ടു ഹെക്ടർ കഴിഞ്ഞുള്ള ഓരോ ആറിനും പത്തു രൂപ വീതവും
കോർപറേഷൻ - രണ്ട് ആർ വരെ ആറിന് നാലു രൂപ,രണ്ടു ഹെക്ടർ വരെ ആറിന് എട്ടു രൂപ, രണ്ടു ഹെക്ടറിനു മുകളിൽ 1600ഉം രണ്ടു ഹെക്ടർ കഴിഞ്ഞുള്ള ഓരോ ആറിനും 20 രൂപ വീതവും
2018-22
പഞ്ചായത്ത് -8.1 ആർ വരെ ആറിന് 2.50 രൂപ, 8.1 ആറിനു മുകളിൽ ആറിന് അഞ്ച് രൂപ
മുനിസിപ്പാലിറ്റി -2.43 ആർ വരെ ആറിന് അഞ്ച് രൂപ, 2.43 ആറിനു മുകളിൽ ആറിന് 10 രൂപ
കോർപറേഷൻ - 1.62 ആർ വരെ ആറിന് പത്തു രൂപ,1.62 ആറിനു മുകളിൽ ആറിന് 20 രൂപ
2022-25
പഞ്ചായത്ത് -8.1 ആർ വരെ ആറിന് അഞ്ച് രൂപ, 8.1 ആറിനു മുകളിൽ എട്ടു രൂപ
മുനിസിപ്പാലിറ്റി -2.43 ആർ വരെ ആറിന് 10 രൂപ, 2.43 ആറിനു മുകളിൽ ആറിന് 15 രൂപ
കോർപറേഷൻ - 1.62 ആർ വരെ ആറിന് 20 രൂപ,1.62 ആറിനു മുകളിൽ ആറിന് 30 രൂപ
2025 മുതൽ
പഞ്ചായത്ത് - 8.1 ആർ വരെ ആർ ഒന്നിന് 7.50 രൂപ. 8.1 ആറിന് മുകളിൽ ആർ ഒന്നിന് 12 രൂപ.
മുൻസിപ്പാലിറ്റി- 2.43 ആർ വരെ ആർ ഒന്നിന് 15 രൂപ.
2.43 ആർന് മുകളിൽ 22.5 രൂപ.
കോർപറേഷൻ - 1.62 ആർ വരെ ആറിന് 30 രൂപ,1.62 ആറിനു മുകളിൽ ആറിന് 45 രൂപ
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത നല്കുമെന്നു ബജറ്റ് പ്രഖ്യാപനം. അടുത്ത ഏപ്രിലിൽ ഈ ക്ഷാമബത്ത നല്കും. ദിവസവേതന, കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വർധിപ്പിക്കും. സർക്കാർ ജീവനക്കാരുടെ ഭവന നിർമാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വായ്പയ്ക്ക് രണ്ട് ശതമാനം പലിശയിളവ് നൽകും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശിക നല്കും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനിൽ കുടിശികയായ മൂന്നു ഗഡു കൊടുത്തു തീർക്കുമെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. ഈ സാന്പത്തികവർഷം രണ്ട് ഗഡു കുടിശിക അനുവദിച്ചു. നിലവിൽ അതാത് മാസത്തെ പെൻഷൻ കൃത്യമായി നൽകിവരുന്നു. 2025-26 അവശേഷിക്കുന്ന മൂന്ന് ഗുഡു കുടിശിക കൊടുത്തുതീർക്കും. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ നിരക്കിൽ പെൻഷൻ നൽകാനായി. 11,000 കോടി രൂപയാണ് സർക്കാർ ഒരു വർഷം ചെലവാക്കുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി
തിരുവനന്തപുരം: ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളിൽ നിന്ന് കേന്ദ്രം പിൻമാറിയ സാഹചര്യത്തിൽ ഈ കുട്ടികൾക്ക് സ്കോളർഷിപ്പ് നല്കുന്നതിനായി സംസ്ഥാനം ആരംഭിച്ച മാർഗദീപം പദ്ധതിക്കായി 20 കോടി ബജറ്റിൽ വകയിരുത്തി. കൂടാതെ കേന്ദ്ര സർക്കാർ നിർത്തലാക്കിയ മൗലാനാ ആസാദ് ദേശീയ റിസേർച്ച് ഫെലോഷിപ്പിനു പകരം സംസ്ഥാന സർക്കാർ ആരംഭിച്ച ഫെലോഷിപ്പ് പദ്ധതിക്കായി ആറ് കോടി വകയിരുത്തി.
വയനാട് പുനരധിവാസം: 750 കോടി
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. പുനരധിവാസത്തിനായി ആകെ വേണ്ടത് 2221.10 കോടി രൂപയാണെന്നു ധനമന്ത്രി ബജറ്റിൽ പറഞ്ഞു.