ബിഎസ്സി നഴ്സിംഗ്: 9,326 സീറ്റിന് അപേക്ഷകർ 67,000
Tuesday, October 1, 2024 4:15 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കെ സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനത്തിന് ആകെയുള്ള സീറ്റിന്റെ ഏഴു മടങ്ങിലധികം അപേക്ഷകൾ. നഴ്സിംഗ് മേഖലയിൽ സംസ്ഥാനത്ത് വേണ്ടത്ര സീറ്റുകൾ ഇല്ലാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരേ പോലെ ബുദ്ധിമുട്ടിലാക്കുന്നു.
ആകെയുള്ള 155 നഴ്സിംഗ് കോളജുകളിലായി ബിഎസ്സി നഴ്സിംഗിന് ഈ വർഷം പ്രവേശനത്തിനായുള്ളത് 9326 സീറ്റുകളായിരുന്നു. എന്നാൽ ഇതിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ എണ്ണം 67,000.
ആകെയുള്ള സീറ്റുകളുടെ ഏഴുമടങ്ങിലധികം അപേക്ഷകളാണ് സംസ്ഥാനത്ത് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ വർഷം 60,000 അപേക്ഷകൾ ലഭിച്ച സ്ഥലത്ത് ഇക്കുറി 7000 അപേക്ഷകൾ അധികമായി ലഭിച്ചു.ആകെയുള്ള 9326 സീറ്റുകളിൽ 1090 എണ്ണം 14 സർക്കാർ നഴ്സിംഗ് കോളജുകളാണ്.
സർക്കാർ നിയന്ത്രിത കോളജുകളിൽ 1000 സീറ്റുകളും സെൽഫ് ഫിനാൻസിംഗ് മേഖലയിൽ 3528 സീറ്റുകളും ഉൾപ്പെടെ സർക്കാർ സീറ്റുകൾ 5618 എണ്ണമാണ്. കൂടാതെ 3708 മാനേജ്മെന്റ് സീറ്റുകൾകൂടി ചേരുന്പോൾ സംസ്ഥാനത്ത് ഈ വർഷം പ്രവേശനത്തിനായുള്ള സീറ്റുകൾ 9326 എണ്ണം.
സംസ്ഥാനത്തെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഒരേപോലെ തൊഴിൽ സാധ്യതയുള്ള മേഖലയായതിനാൽ കൂടുതൽ വിദ്യാർഥികളും പ്ലസ് ടു പഠനത്തിനു ശേഷം നഴ്സിംഗ് മേഖലയാണ് തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്ത് പ്രവേശനം ലഭ്യമാകാതെ വരുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ വൻ തുക നല്കി നഴ്സിംഗ് കോഴ്സുകളിൽ പ്രവേശനം നേടേണ്ട സ്ഥിതിയാണ് കേരളത്തിലെ കുട്ടികളിലേറെ പേർക്കും. ഇത്രമാത്രം കുട്ടികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാൽ വലിയൊരു തുക കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന അവസ്ഥയുമുണ്ടാകും.
ചിലയിടങ്ങളിലെങ്കിലും ചൂഷണത്തിനും വിധേയരായേക്കാം. നിലവിലുള്ള കോളജുകൾ സീറ്റ് വർധിപ്പിക്കുകയും അർഹതയുള്ള മറ്റു സ്ഥാപനങ്ങളിൽ കോഴ്സ് അനുവദിക്കുകയുമാണ് സർക്കാരിനു മുന്നിലുള്ള ഏക പോംവഴി.
സംസ്ഥാനത്തെ ബിഎസ്സി നഴ്സിംഗ് സീറ്റുകൾ
സർക്കാർ നഴ്സിംഗ് കോളജുകൾ 1090
സർക്കാർ നിയന്ത്രിത കോളജുകൾ 1000
സെൽഫ് ഫിനാൻസിംഗ് 3528
മാനേജ്മെന്റ് സീറ്റ് 3708
ആകെ സീറ്റ് 9326