സംഗമപുരിയില്‍ ക്ഷേത്രകലകള്‍ക്ക് തുടക്കമായി
1549341
Saturday, May 10, 2025 1:07 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തെ വര്ണശബളമാക്കുവാന് കൊടിപ്പുറത്ത് വിളക്കാഘോഷദിവസംതന്നെ വിവിധ ക്ഷേത്രകലാപരിപാടികള്‍ അരങ്ങേറി തുടങ്ങി.
അമ്മന്നൂര്‍ ചാക്യാന്മാര്ക്ക് അടിയന്തരാവകാശമുള്ള കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ഉത്സവത്തിന് ഒമ്പതുദിവസവും കൂത്തും നങ്ങ്യാര്‍കൂത്തും അരങ്ങേറും. ക്ഷേത്രത്തിന് കിഴക്കേനടപ്പുരയില്‍ സന്ധ്യക്ക് 7.30ന് നാദസ്വരം വടക്ക് സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ് എന്നിവയും അരങ്ങേറും. പടിഞ്ഞാറേ നടപ്പുരയില്‍ വൈകീട്ട് ആറിന് വടക്ക് കിഴക്ക് ഭാഗത്തായി പാഠകം ആരംഭിക്കും. നാരായണന് നമ്പ്യാര്‍ ആണ് പാഠകക്കാരന്‍.
മാതൃക്കല്ബലിക്ക് വളരെ മുമ്പായി പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടം അരങ്ങേറും. പാഠകവും കുറത്തിയാട്ടവും ഒമ്പത് ദിനങ്ങളിലും ഉണ്ടാകും. ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയില്‍ ഓട്ടന്തുള്ളലും വൈകീട്ട് 6.30ന് പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടവും അരങ്ങേറും. ഓട്ടന്‍തുള്ളലിനും കുറത്തിയാട്ടത്തിനും രാജീവ് വെങ്കിടങ്ങ് നേതൃത്വംനല്കും. വൈകീട്ട് 4.30ന് സന്ധ്യാവേലപ്പന്തലില്‍ കെ.പി. പ്രജീഷിന്റെ നേതൃത്വത്തില്‍ സോപാനസംഗീതവും 6.30ന് കെ.എം. ദേവദാസന്റെ നേതൃത്വത്തില്‍ നാഗസ്വരവും അരങ്ങേറും.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.45വരെ തിരുവാതിരക്കളി, 4.45 മുതല്‍ 5.10 വരെ എടതിരിഞ്ഞി അമൃതവര്‍ഷിണി സംഗീതവിദ്യാലയത്തിന്റെ കീര്‍ത്തനാലാപനം, 5.15 മുതല്‍ 5.45 വരെ ഗുരുവായൂര്‍ ഷണ്മുഖന് തെച്ചിയിലും സംഘവും അവതരിപ്പിക്കുന്ന വില്ലിന്മേല് തായമ്പക, 5.50 മുതല്‍ 6.30 വരെ നൃത്തനൃത്യങ്ങള്‍, 6.30 മുതല്‍ 7.30 വരെ തൃശൂര്‍ പാര്‍വ്വണ നാട്യഗാനസഭയുടെ ഭരതനാട്യം, 7.35 മുതല്‍ 7.50 വരെ ശില്പ അജിത്കുമാറിന്റെ കഥക്, 7.55 മുതല്‍ 8.55 വരെ ഭരതനാട്യം, ഒമ്പത് മുതല്‍ 10 വരെ ഭരതനാട്യം
(സംഗമം വേദിയില്‍)
രാവിലെ 8.30ന് ശീവേലിക്കും രാത്രി 9.30ന് വിളക്കിനും രാജീവ് വാരിയര്‍ പ്രമാണംവഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 2.35 വരെ തിരുവാതിരക്കളി, 2.40 മുതല്‍ 3.35 വരെ സംഗീതസഭ, 3.40 മുതല്‍ 4.35 വരെ മോഹിനിയാട്ടം, 4.40 മുതല്‍ 5.35 വരെ സംഗീതകച്ചേരി, 5.40 മുതല്‍ 6.50 രെ സോപാനമാലിക, 6.55 മുതല്‍ 7.50 വരെ കലാമണ്ഡലം നിമ്മിയുടെ മോഹിനിയാട്ടം, 7.55 മുതല്‍ 8.55 വരെ പത്മശ്രീ കെ.കെ. രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവകൂത്ത്, ഒമ്പത് മുതല്‍ 10 വരെ ഉമാ മേനോന്റെ മോഹിനിയാട്ടം. രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി ലവണാസുരവധം, കിരാതം.
കഥകളിപ്രേമികള്‍ക്ക് ഇനി
ഉറക്കമില്ലാരാവുകള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്പെഷല്‍ പന്തലില്‍ ഏഴുദിവസത്തെ കഥകളിക്ക് ഇന്ന് തുടക്കമാവും. കൂടല്‍മാണിക്യ ക്ഷേത്രോത്സവം കഥകളി പ്രേമികളുടെ ഉത്സവം കൂടിയാണ്.
ഇനിയുള്ള ഏഴു രാത്രികള്‍ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കുന്ന കഥകളിയാണു അരങ്ങേറുന്നത്. വിളക്കിനുശേഷം രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നീളുന്ന ഏഴുദിവസത്തെ കഥകളി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്. ലവണാസുരവധം, കിരാതം, രുഗ്മാംഗദചരിതം, പ്രഹ്ലാദചരിതം, നളചരിതം ഒന്നാം ദിവസം, ബകവധം, ഉഷ, ചിത്രലേഖ (ബാണയുദ്ധം) ദുര്യോധനവധം, മാര്‍ക്കണ്ഡേയചരിതം, ദക്ഷയാഗം, സന്താനഗോപാലം, നരകാസുരവധം, ശ്രീരാമപട്ടാഭിഷേകം എന്നിവയാണു ഈ വര്‍ഷം അവതരിപ്പിക്കുന്ന കഥകള്‍. ആദ്യത്തെ ആറുദിവസം കഥ ഏതായാലും വലിയവിളക്കുദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത് നൂറിലധികം വര്‍ഷമായി നിലനില്‍ക്കുന്ന നിഷ്ഠയാണ്.
ഡോ. സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, കലാനിലയം ബാലകൃഷ്ണന്, സദനം മണികണ്ഠന്, കലാനിലയം മധുമോഹന്, പീശപ്പിള്ളി രാജീവ്, തൃപ്പയ്യ പീതാംബരന്, കലാമണ്ഡലം ഹരിനാരായണന്, കലാനിലയം ഗോപി എന്നിവരാണ് വേഷമിടുന്നത്.