ചൊക്കന എസ്റ്റേറ്റ് മൈതാനം വീണ്ടും ഫുട്ബോള്‍ ആരവത്തിലേക്ക്
1549340
Saturday, May 10, 2025 1:07 AM IST
വെള്ളിക്കുളങ്ങര: കാല്പന്തുകളിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ചൊക്കന ഗ്രാമം. കൗമാരങ്ങള്‍ മാരകലഹരിയിലേക്ക് വഴിതെറ്റിപോകാതെ അവരെ ഫുട്ബോള്‍ കളിയിലേക്ക് ആകര്ഷകിക്കുക എന്ന ദൗത്യമാണ് ഈ നാട് ഏറ്റെടുത്തിട്ടുള്ളത്.
120 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഹാരിസന് മലയാളം പ്ലാന്റേഷനില്‍ ഉള്‍പ്പെട്ടതാണ് ചൊക്കന റബര്‍ എസ്റ്റേറ്റടക്കമുള്ള പ്രദേശങ്ങള്‍. അക്കാലത്ത് തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനായി മലപ്പുറത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെയുള്ള തൊഴിലാളി കുടുംബങ്ങളില്‍ പലതും. അതുകൊണ്ടുതന്നെ മലബാറിന്റെ ഫുട്ബോള്‍ കമ്പവും ഇവര്‍ക്കിടയിലുണ്ട്.
തൊഴിലാളികള്‍ക്ക് മാനസികോല്ലാസവും കായികക്ഷമതയും ലഭിക്കുന്നതിനായി ഇക്കാലത്ത് തോട്ടം മാനേജ്മെന്റ് മുന്‍കൈയെടുത്ത് എസ്റ്റേറ്റ് റിക്രിയേഷന്ക്ലബുകള്ക്ക് രൂപംനല്‍കിയിരുന്നു. ഈ ക്ലബുകള്‍ക്ക് കീഴില്‍ പാലപ്പിള്ളി - ചൊക്കന മേഖലയില്‍ നിരവധി ഫുട്ബോള്‍ മൈതാനങ്ങളും സജ്ജമാക്കി. ചൊക്കന, കുണ്ടായി, കാരികുളം, പാലപ്പിള്ളി തുടങ്ങിയ എസ്റ്റേറ്റുകളിലെല്ലാം ഫുട്ബോള്‍ മൈതാനങ്ങള്‍ നിര്‍മിച്ചു.
മുന്‍തലമുറയിലെ ഒട്ടേറെപേരെ മികച്ച ഫുട്ബോള്കളിക്കാരാക്കി മാറ്റുന്നതില്‍ ഈ മൈതാനങ്ങള്‍ വലിയ പങ്കുവഹിച്ചു. ദേശീയ ഫുട്ബോള്‍ താരങ്ങളടക്കമുള്ളവരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ളവയാണ് ഈ മൈതാനങ്ങള്‍ പലതും. ചൊക്കന എസ്റ്റേറ്റിലുള്ള ഫുട്ബോള്‍ മൈതാനവും പതിറ്റാണ്ടുകളുടെ ചരിത്രംപേറുന്നതാണ്. 70കളിലും 80കളിലും ജില്ലക്കകത്തും പുറത്തും നടന്ന ടൂര്‍ണമെന്റുകളില്‍ ഗോള്‍വല കുലുക്കിയ നിരവധിപേര്‍ ചൊക്കനയിലുണ്ടായിരുന്നു. പിരിയാംകുഴി ഉണ്ണീന്‍, വില്ലന്‍ മുഹമ്മദുകുഞ്ഞ്, അത്താണിക്കല്‍ അബൂബക്കര്‍, ചെരിച്ചി കുഞ്ഞുമുഹമ്മദ്, വട്ടോളി റസാക്ക്, പുല്‍പ്പാടന്‍ അവലാംകുട്ടി, ലോറന്‍സ് താക്കോല്ക്കാരന് പുളളിയില് ഉണ്ണീന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം. ചൊക്കനയുടെ ഫുട്ബോള്‍ ചരിത്രത്തിലെ സുര്ണകാലമായിരുന്ന അന്ന് ചൊക്കന എസ്റ്റേറ്റിലെ 27 തൊഴിലാളി പാഡികളിലായി 162 കുടുംബങ്ങള്‍ താമസിച്ചിരുന്നു. തോട്ടം മേഖല തളര്‍ന്നതോടെ തഴിലാളി കുടുംബങ്ങളുടെ എണ്ണംകുറഞ്ഞു. പല പാഡികളിലും താമസക്കാരില്ലാതായി. ഇന്ന് ആകെ ചൊക്കനയിലെ പാഡികളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 19 മാത്രമായി.
തൊണ്ണൂറുകളുടെ പകുതിവരെ കാല്‍ക്കരുത്തിന്റെ ആരവം മുഴങ്ങിയിരുന്ന ഇവിടത്തെ ഫുട്ബോള്‍ മൈതാനത്തിലെ സായാഹ്നങ്ങള്‍ പതിയെ നിശബ്ദമാകാന്തുടങ്ങി. തോട്ടം തൊഴിലാളികളുടെ നാമമാത്രമായ വേതനവും ശോച്യാവസ്ഥയിലുള്ള ജീവിത സാഹചര്യങ്ങളും യുവാക്കളെ മറ്റ് തൊഴിലുകള്‍ തേടിപോകാന്‍ നിര്‍ബന്ധിതരാക്കി. മികച്ച ഫുട്ബോള്കളിക്കാരായിരുന്ന പലരും ഗള്‍ഫ് അടക്കമുള്ള നാടുകളിലേക്ക് ജീവിതം തേടിപോയതോടെയാണ് ചൊക്കന മൈതാനിയില്‍ ആരവങ്ങളില്ലാതെയായത്.
നായാട്ടുകുണ്ട് സൂര്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ചൊക്കനയുടെ ഗതകാല ഫുട്ബോള്‍ പ്രതാപം വീണ്ടെുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവിടത്തെ നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരും. ക്ലബ് സെക്രട്ടറി മുഹമ്മദലി, ജോബിള്‍ വടാശേരി, ഇന്ദുചൂഡന് ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തിലാണ് ചൊക്കനയില്‍ ഫുട്ബോള്‍ സജീവമാക്കാനുള്ള ശ്രമം നടക്കുന്നത്. ഹാരിസന് എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായ അജിത്തും ഈ ഉദ്യമത്തിന് പൂര്ണപിന്തുണനല്കി ഒപ്പമുണ്ട്. കാട്ടാനശല്യമുള്ള പ്രദേശമായതിനാല്‍ ദൂരെയുള്ള ടര്‍ഫുകളും മൈതാനങ്ങളുംതേടി പോയാല്‍ വൈകുന്നേരം തിരിച്ചെത്താന്‍ പ്രയാസമാണെന്നതും ചൊക്കനയിലെ ഫുട്ബോള്‍ മൈതാനം നവീകരിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരു ഘടകമാണ്.