അലങ്കാരദീപങ്ങൾ മിഴിതുറന്നു, പാവറട്ടി തിരുനാളിനു തുടക്കം
1549334
Saturday, May 10, 2025 1:07 AM IST
പാവറട്ടി: ദേവാലയ മുഖമണ്ഡപത്തിലെ അലങ്കാരവൈദ്യുതദീപങ്ങൾ മിഴിതുറന്നതോടെ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിനു തുടക്കമായി. പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച്ഓൺ കർമം നിർവഹിച്ചതോടെ ദേവാലയവും പരിസരവും ബഹുവർണദീപപ്രഭയിൽ മുങ്ങി.
തീർഥകേന്ദ്രം റെക്ടർ റവ.ഡോ. ആന്റണി ചെമ്പകശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന, മാനേജിംഗ് ട്രസ്റ്റി ഒ.ജെ. ഷാജൻ, ഇല്യുമിനേഷൻ കമ്മിറ്റി കൺവീനർ വി.എൽ. ഷാജു, ജോയിന്റ് കൺവീനർ കെ.എൽ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
ആസ്വാദകർക്കു ദൃശ്യവിസ്മയം പകർന്ന ദേവാലയദീപാലങ്കാരം ഇത്തവണ ഒരുക്കിയതു സി.ജെ. ലൈറ്റ് ആൻഡ് സൗണ്ട് ആണ്. സ്വിച്ച്ഓൺ കർമത്തിനുശേഷം പാവറട്ടിയിലെ നിർമാണമേഖലയിലെ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടന്നു. തുടർന്നു തെക്കുഭാഗം വെടിക്കെട്ടുകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തിരുമുറ്റ മെഗാ ഫ്യൂഷൻ അരങ്ങേറി.
ഇന്നുരാവിലെ പത്തിനു തൃശൂർ അതിരുപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന നൈവേദ്യപൂജയ്ക്കുശേഷം നേർച്ചഭക്ഷണ ആശീർവാദവും വിതരണവും നടക്കും.
വൈകീട്ട് 5.30 നു രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിക്കുശേഷം ഭക്തിസാന്ദ്രമായ കൂടുതുറക്കൽ ശുശ്രൂഷ നടക്കും. രാത്രി എട്ടിനു മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും നൂറ്റിയൊന്നു കലാകാരന്മാരും അണിനിരക്കുന്ന തിരുനടയ്ക്കൽമേളം നടക്കും. രാത്രി വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും. നാളെയാണ് പ്രധാന തിരുനാൾദിവസം.