പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
1549287
Friday, May 9, 2025 10:42 PM IST
പുതുക്കാട്: സ്റ്റാൻഡിന് മുന്പില് കെഎസ്ആര്‍ടിസി ബസില്‍ ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വരാക്കര സ്വദേശി മേച്ചേരിപ്പടി വീട്ടില്‍ ആന്‍സന്റെ മകന് ആന്‍സ്റ്റിന്‍ (19) ആണ് മരിച്ചത്. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വെണ്ണാട്ടുപറമ്പില്‍ വീട്ടില്‍ അലനാണ് (19) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അലന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ചാലക്കുടിയില്‍ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോയിരുന്ന ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂരില്‍ നിന്ന് വന്നിരുന്ന ബൈക്ക് ബസില്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്സ്റ്റിന്റെ ജീവന് രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ ബസുകള്‍ സ്റ്റാൻഡിലേക്ക് കടക്കുന്നതും തിരിച്ചുപോകുന്നതും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മാതാവ് : ജാന്‍സി. സഹോദന് : സ്റ്റിനില്‍.