മുരിങ്ങൂർ അടിപ്പാത നിർമാണം: പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു
1535799
Sunday, March 23, 2025 7:33 AM IST
മുരിങ്ങൂർ: ദേശീയപാത സിഗ്നൽ ജംഗ്ഷനിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മുരിങ്ങൂരിൽ പ്രതിഷേധം പുകയുകയാണ്. അങ്കമാലി ഭാഗത്തേയ്ക്കുള്ള പ്രധാനപാത പൊളിക്കാനുള്ള നീക്കം മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. കഴിഞ്ഞദിവ സം രാത്രി എട്ടരയോടെ പ്രധാനപാതയിൽ നിർമാണത്തിനായി എത്തിയ മണ്ണുമാന്തി യന്ത്രത്തിനു മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രസിഡന്റ് പ്രതിഷേധിച്ചത്. ഒപ്പം മറ്റുള്ളവരും ചേർന്നതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.
ഇരുദിശകളിലേക്കുള്ള പ്രധാന പാതകൾ ഒരേസമയം പൊളിച്ചുനീക്കുന്നത് ഗതാഗത സ്തംഭനത്തിനും ജനങ്ങളുടെ ദുരിതത്തിനും കാരണമാകുമെന്നാണ് സമരക്കാർ പറയുന്നത്. ഒരു പാത പൊളിച്ച് നിർമാണം പൂർത്തിയാക്കി മറുഭാഗം പൊളിക്കാമെന്ന നിലപാടാണ് സമരക്കാരുടേത്.
സർവിസ് റോഡ് പൂർണമായി നിർമിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടതിനുശേഷം മാത്രമേ പ്രധാനപാത പൊളിക്കൂവെന്ന അധികൃതരുടെ ഉറപ്പ് കാറ്റിൽപറത്തി രണ്ടുദിവസംമുമ്പ് വെളുപ്പിന് നാലരയോടെ ചാലക്കുടി ഭാഗത്തേയ്ക്കുള്ള പ്രധാനപാത നിർമാണക്കമ്പനി പൊളിച്ചത്. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. സ്പാനിന് അഞ്ചര മീറ്റർ ഉയരം വേണമെന്ന ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്ന് സമരക്കാർ പറഞ്ഞു.
പ്രസിഡന്റ് കുത്തിയിരിപ്പുസമരം നടത്തുന്നുവെന്നറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെയും കൊരട്ടി സിഐ അമൃത് രംഗന്റെയും നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും സർക്കാർ സംവിധാനങ്ങളുടെയും കൃത്യമായ മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ മാത്രമേ തങ്ങൾക്ക് കഴിയുവെന്ന നിലപാടാണ് പോലീസ് എടുത്തത്. എന്നാൽ ജനകീയവിഷയങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുമെന്ന നിലപാടിൽ സമരക്കാരും ഉറച്ചു.
തുടർന്ന് കഴിഞ്ഞദിവസം രാത്രി 12 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ വിക്ടോറിയ ഡേവീസ്, സതി സാബു, പി.ആർ. വിപിൻരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപ ഗോപകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സംഘർഷങ്ങളോ, അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.