ആശ, അങ്കണവാടി ജീവനക്കാരുടെ കണ്ണീർ കാണാൻ മുഖ്യമന്ത്രി തയാറാകണം: ടി.എൻ. പ്രതാപൻ
1537020
Thursday, March 27, 2025 7:03 AM IST
തൃശൂർ: സമരങ്ങളെ സിപിഎം എന്നുമുതലാണ് വെറുത്തുതുടങ്ങിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ആശ, അങ്കണവാടി ജീവനക്കാരുടെ കണ്ണീർ കാണാൻ ഇനിയെങ്കിലും മുഖ്യമന്ത്രി തയാറാകണം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആശാ വർക്കേഴ്സിനും അങ്കണവാടി ജീവനക്കാർക്കും ഓണറേറിയം വർധിപ്പിക്കുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റ് പടിക്കൽ സമരംചെയ്യുന്ന ആശാ വർക്കേഴ്സ്, അങ്കണവാടി ടീച്ചേഴ്സ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങൾക്കുമുൻപിൽ കോണ്ഗ്രസ് നടത്തുന്ന പ്രതിഷേധധർണയുടെ ജില്ലാതല ഉദ്ഘാടനം കോർപറേഷനുമുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ജോണ് ഡാനിയൽ, ഐ.പി. പോൾ, ഷിജു വെളിയത്ത്, രാജൻ പല്ലൻ, കെ. ഗിരീഷ്കുമാർ, ബൈജു വർഗീസ്, കെ.എച്ച്. ഉസ്മാൻ, സിന്ധു ചാക്കോള, ആൻസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.